Sorry, you need to enable JavaScript to visit this website.

അൽപം കലാശാലാ ചിന്തകൾ 

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ തമ്മിലടി, വാസ്തവത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ച സാർഥകമായ ചർച്ചകൾക്ക് തുടക്കമിടേണ്ടതായിരുന്നു. എന്നാൽ തൊലിപ്പുറത്തെ ചികിത്സയോടാണ് നമുക്ക് താൽപര്യം. സർവകലാശാലകളെ കൂടുതൽ സർഗാത്മകമാക്കാൻ കഴിയുന്ന ജീവസ്സുറ്റ ഒരു അക്കാദമിക സമൂഹത്തെ സൃഷ്ടിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് നാം നടത്തേണ്ടത്. 

തലസ്ഥാനത്തെ മകുടം ചാർത്തുന്ന പ്രശസ്തമായ യൂണിവേഴ്‌സിറ്റി കോളേജിന് അകത്തും പുറത്തും ഈയാഴ്ച നടന്ന സംഭവ വികാസങ്ങൾ പതിവു വാർത്താ ചർച്ചകൾപ്പുറം കടക്കുമെന്ന് പതിവുപോലെ പ്രതീക്ഷിക്കേണ്ടതില്ല. സമൂഹത്തിന്റെയും സർക്കാരിന്റേയും കണ്ണു തുറപ്പിക്കേണ്ട, ലജ്ജാകരമായ വീഴ്ചകൾ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നടമാടുന്നതിന്റെ നേർതെളിവുകളാണ് പുറത്തു വന്നതെങ്കിലും അമിതമായ രാഷ്ട്രീയവത്കരണത്താൽ മലീമസമായിപ്പോയ കേരളത്തിന്റെ പൊതുരംഗം ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും പരിവർത്തനങ്ങൾക്കായി യത്‌നിക്കുമെന്നും കരുതുന്നത് വിഡ്ഢിത്തമാകും. പല സംഭവങ്ങളും എല്ലാവർക്കും എല്ലാക്കാലത്തും അറിയാവുന്നതും നിസ്സംഗമായി അതിന്റെ വഴിക്ക് വിട്ടതുമാണ്. എങ്കിലും ഇത്തരം സന്ദർഭങ്ങൾ തിരുത്തിന്റെയും ശരിയുടെ പാത കണ്ടെത്തുന്നതിന്റേയും തുടക്കമായി മാറ്റിയെടുക്കുകയാണ് ഭാവനാപൂർണരായ ഭരണാധികാരികൾ ചെയ്യേണ്ടത്. താൽക്കാലികമായ ചില     ഔഷധ പ്രയോഗങ്ങൾക്കപ്പുറം പ്രശ്‌നത്തിന്റെ മൗലിക കാരണങ്ങളിലേക്ക് കടക്കാനോ വിദ്യാർഥി സമൂഹത്തിന്റേയും പൊതുസമൂഹത്തിന്റേയും യഥാർഥ താൽപര്യങ്ങൾക്കനുസൃതമായി അത് പരിഹരിക്കാനോ ഉള്ള ആത്മാർഥ ശ്രമങ്ങൾ എവിടെയും കാണുന്നില്ല.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ തമ്മിലടി, വാസ്തവത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ച സാർഥകമായ ചർച്ചകൾക്ക് തുടക്കമിടേണ്ടതായിരുന്നു. നമ്മുടെ കോളേജുകളും സർവകലാശാലകളും അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കുന്നുണ്ടോ, വികസിത സമൂഹമായ കേരളത്തിൽ സർവകലാശാലകളുടെ യഥാർഥ ദൗത്യം നിർണയിക്കുന്നതിലും അത് നടപ്പാക്കുന്നതിലും നാം വിജയിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മനസ്സു തുറന്ന് നാം ചർച്ച ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തൊലിപ്പുറത്തെ ചികിത്സ നടത്തി, പ്രശ്‌നങ്ങൾ താൽക്കാലികമായി കെട്ടടങ്ങുന്നതുവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ മാത്രമാണ് പ്രത്യക്ഷത്തിൽ കാണുന്നത്. അകക്കാമ്പുള്ള എന്തെങ്കിലും അണിയറയിൽ നടക്കുന്നതായ സൂചനകളുമില്ല.
സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയെ കരുത്തുറ്റതാക്കാൻ നിലവിലെ സർക്കാർ നടത്തുന്ന ആസൂത്രിതമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നാം ഏറെ ശ്രദ്ധിക്കുന്നു. ഏറ്റവും പുകൾപെറ്റ സ്വകാര്യ വിദ്യാലയത്തിൽ പോലുമില്ലാത്ത സ്മാർട്ട് ക്ലാസ് റൂമുകളും മറ്റ് ആധുനിക സൗകര്യങ്ങളും ഇന്ന് ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലേക്ക് വരെ കടന്നുവന്നിരിക്കുന്നു. 
സർക്കാർ അധികാരത്തിൽ വന്ന ആദ്യ കാലത്തെ വായാടിത്തങ്ങൾ അവസാനിപ്പിച്ച് പ്രൊഫ. രവീന്ദ്രനാഥ് എന്ന വിദ്യാഭ്യാസ മന്ത്രി കർമപഥത്തിലേക്ക് പൂർണമായി ശ്രദ്ധ തിരിച്ചതോടെയാണ് ഈ രംഗത്ത് കാര്യമായ നേട്ടം കൈവരിക്കാൻ നമുക്കായത്. അതിനായി വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിക്കുകയും ഉന്നത വിദ്യാഭ്യാസം മറ്റൊരു മന്ത്രിയെ പ്രത്യേകമായി ഏൽപിക്കുകയും ചെയ്തു. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അർഹമായ കരങ്ങളിൽ തന്നെയാണോ എത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം നമ്മുടെ പാഠ്യപദ്ധതിയിലും അധ്യാപകരുടെ മികവിലും പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സമയത്തിലുമൊക്കെ നാം ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ക്ലാസ് മുറികളിൽ സിമന്റിട്ട തറക്ക് പകരം ടൈൽസ് ഇട്ടതുകൊണ്ടു മാത്രം വിദ്യാഭ്യാസ രംഗം മെച്ചപ്പെടില്ല. മനോഹരമായ യൂനിഫോമുകൾ ഏർപ്പെടുത്തിയതുകൊണ്ടോ, സ്വകാര്യ വിദ്യാലയങ്ങളെ കിടപിടിക്കും വിധം കുട്ടികളെ ടൈയും ഓവർകോട്ടുമൊക്കെ ഇടുവിച്ച് പ്രൗഢരാക്കിയതുകൊണ്ടോ വിദ്യാഭ്യാസ രംഗം മെച്ചപ്പെടില്ല. ആത്മാർഥതയും കഴിവും യോഗ്യതയുമുള്ള അധ്യാപകരാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്. ഇക്കാര്യത്തിൽ സർക്കാർ എത്ര മുന്നേറിയിട്ടുണ്ട് എന്ന് ചോദിച്ചാൽ നിരാശയായിരിക്കും ഫലം. ക്ലാസിൽ കയറാതെ യൂനിയൻ പ്രവർത്തനത്തിന് മാത്രമായി പോകുന്ന പരശ്ശതം അധ്യാപകർ ഇന്നും സർവീസിലുണ്ട്. ഇവർക്കെല്ലാം സർക്കാരിന്റെ ഒത്താശയുമുണ്ട്. കക്ഷിരാഷ്ട്രീയം, പാർട്ടി ബന്ധങ്ങൾ എന്നീ വിലങ്ങുകൾ അഴിച്ചുകളഞ്ഞുള്ള സ്വതന്ത്രമായ പ്രവർത്തനത്തിന് നാം ഇനിയും കച്ചമുറുക്കേണ്ടിയിരിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ലയനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തന്നെ സർക്കാരിന്റെ ഇക്കാര്യത്തിലെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്നവർ, ആ രംഗത്തെക്കുറിച്ച് വേണ്ടത്ര അവഗാഹമുള്ളവരായാൽ മാത്രമേ, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാകൂ. നിർഭാഗ്യവശാൽ, ആ വകുപ്പിന്റെ മന്ത്രി ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ആളും മുൻ കോളേജ് അധ്യാപകനുമൊക്കെ ആണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുകളുള്ളയാളാണെന്ന് ഇതുവരെ ബോധ്യമായിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനങ്ങളോ, മാറ്റങ്ങളോ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. നമ്മുടെ സർവകലാശാലകൾ ഇപ്പോഴും പഴയമട്ടിൽ തന്നെ നീങ്ങുകയാണ്. ജീവനക്കാർക്കിടയിലും വിദ്യാർഥികൾക്കിടയിലും നിലനിൽക്കുന്ന അമിതമായ രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുടെ പക്വതയില്ലാത്ത ഇടപെടലുകളും മന്ത്രിയെയും വൈസ് ചാൻസലർമാരെയുമൊക്കെ നിസ്സഹായരാക്കുന്നു എന്നതും വാസ്തവമാണ്. 


മെഡിക്കൽ പ്രവേശനം നേടാൻ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന മാർക്ക് തിരുത്തലിന് സമാനമായ വിധം നമ്മുടെ പരീക്ഷകളെ സംശയ നിഴലിലാക്കിയ സംഭവങ്ങളാണ് യൂണിവേഴ്‌സിറ്റി കോേളജ് സംഭവത്തോടെ പുറത്തു വന്നത്. സർവകലാശാല അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ വീട്ടിലും വിദ്യാർഥി സംഘടനകളുടെ ഓഫീസിലും നിന്ന് പിടികൂടിയ സംഭവം, സർവകലാശാലക്കുണ്ടാക്കിയ മാനഹാനി വളരെ വലുതാണ്. ഇക്കാര്യത്തിൽ സ്വതന്ത്രവും ശക്തവുമായ അന്വേഷണം പ്രഖ്യാപിച്ച്, വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസ്യത വീണ്ടെടുക്കാൻ സർവകലാശാല ശ്രമിച്ചതുമില്ല. 
പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവുറ്റ കേന്ദ്രങ്ങളായി മാറേണ്ട സർവകലാശാലകൾ, കക്ഷിരാഷ്ട്രീയത്തിന്റേയും ഇടുങ്ങിയ താൽപര്യങ്ങളുടേയും വേദിയായ അധഃപതിക്കുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ദ്രോഹം കൂടിയാണ്. ദേശീയ തലത്തിൽ തന്നെ സർവകലാശാലകളെ സ്വകാര്യവത്കരിക്കാനും ഗവേഷണ സംരംഭങ്ങളെ തച്ചുടക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. ആഗോളവത്കരണം രാജ്യത്തുണ്ടാക്കിയ വലിയ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ തീർച്ചയായും ഉന്നത വിദ്യാഭ്യാസ രംഗമായിരിക്കും അതിൽ പ്രധാനപ്പെട്ടതെന്നതിന് സംശയമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ചെലവു കുറയ്ക്കാമെന്നതാണ് പ്രധാനമായും സർക്കാരുകൾ ആലോചിക്കുന്നത്. യു.ജി.സി-നെറ്റ് ഫെല്ലോഷിപ്പുകൾ കുറച്ചത് ഏറ്റവും പുതിയ ഉദാഹരണം. ഗവേഷണ രംഗത്ത് പൊതുവെ ഫെല്ലോഷിപ്പുകളും ധനസഹായവും കുറയുന്നതിനാൽ, ബഹുഭൂരിപക്ഷം വിദ്യാർഥികളും ഈ രംഗത്തുനിന്ന് അകന്നുപോയേക്കാം. ബാങ്ക് വായ്പയെടുത്തു പഠിക്കാൻ വിദ്യാർഥികളെ നിർബന്ധിതരാക്കുകയെന്ന കോർപറേറ്റ് താൽപര്യം കൂടി ഇതിന് പിന്നിലുണ്ട്. ഗവേഷണ രംഗത്തുനിന്ന് സാമൂഹിക ശാസ്ത്ര വിഷയങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ തന്നെ വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് സംവരണം എടുത്തുകളയുന്നതിനും ആസൂത്രിതമായ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ പൂർണമായും ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് തുടച്ചുനീക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 
സ്വകാര്യ സർവകലാശാലകളുടെ ഉദയവും മൂലധന സംരക്ഷണം ലക്ഷ്യം വെച്ചുള്ള ഗവേഷണവും ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിക്കാൻ പോകുകയാണ്. അറിവിന് പകരം സാധ്യതകൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായി അവ മാറും. രാജ്യത്ത് ശക്തിപ്പെട്ടു കഴിഞ്ഞ പ്രത്യേക തരം രാഷ്ട്രീയത്തെ പിന്തുണക്കുന്ന അറിവുകൾ ഉൽപാദിപ്പിക്കുന്ന ഇടങ്ങളായി അവ മാറുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. 
ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നേതൃത്വം നൽകേണ്ട സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതു മുതൽ തുടങ്ങുന്ന നമ്മുടെ കക്ഷിരാഷ്ട്രീയ ഇടപെടലുകൾ, അവയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഭംഗം സൃഷ്ടിക്കുകയാണ്. വൈസ് ചാൻസലർമാർക്ക് രാഷ്ട്രീയമുണ്ടാകുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയം മാത്രമേ ഉണ്ടാകാവൂ എന്ന് ശാഠ്യം പിടിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ തന്നെ കത്തിവെക്കുകയാണ്. അക്കാദമിക് കാര്യങ്ങളിൽ പോലും സ്വതന്ത്രമായ തീരുമാനങ്ങൾ അസാധ്യമാകും വിധം, രാഷ്ട്രീയ പാശങ്ങളാൽ സർവകലാശാലയെ വരിഞ്ഞുമുറുക്കാനുള്ള സംവിധാനങ്ങളെല്ലാം നിയമപരമായിത്തന്നെ നാം ഒരുക്കിയിട്ടുണ്ട്. മത,ജാതി, രാഷ്ട്രീയ പരിഗണനകൾ അക്കാദമിക പരിഗണനകളേക്കാൾ മുന്നിൽ നിന്നതുകൊണ്ടാണ് കേരളത്തിലെ ഒരു വൈസ് ചാൻസലറെ, ചാൻസലറായ ഗവർണർക്ക് നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായത്. 
സർവകലാശാലകളുടെ ഘടനയും പ്രവർത്തനവുമെല്ലാം സമ്പൂർണമായ അഴിച്ചുപണിക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, സെനറ്റ് തുടങ്ങിയ സർവകലാശാല ഭരണ സമിതികളുടെ ഘടനയും ഇതിലേക്കുള്ള നിയമനങ്ങൾ, അധികാര പരിധി തുടങ്ങിയവയെല്ലാം പുനർവിചിന്തനത്തിന് വിധേയമാക്കണം. രാഷ്ട്രീയ ജനാധിപത്യത്തിന് പകരം അക്കാദമിക ജനാധിപത്യം സർവകലാശാലകളുടെ ഭരണത്തിൽ പുലരണം. ഗവേഷണങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കണം. ഉന്നത വിദ്യാഭ്യാസമെന്നാൽ സാങ്കേതിക വിദ്യാഭ്യാസമെന്ന തെറ്റായ ചിന്താഗതി മൂലം നാട്ടിലുടനീളം എൻജിനീയർമാർ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിനും സമീപ ഭാവിയിൽ ഈ ഗതി വന്നുകൂടായ്കയില്ല. 
വിദ്യാഭ്യാസ മേഖലയിലെ പരിവർത്തനത്തിന് ബുദ്ധിപരമായ സത്യസന്ധതയും വിശാല രാഷ്ട്രീയ വീക്ഷണവും ഒത്തിണങ്ങിയ ഒരു അക്കാദമിക സമൂഹം ഉയർന്നുവരണം. അതിന് നേതൃത്വം നൽകുകയെന്നത് ചെറിയ കാര്യമല്ല. ഉചിതരായ ആളുകളെ അതിനായി കണ്ടെത്തുകയെന്നത് സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. ഇതിനായി നയരൂപീകരണം തന്നെ വേണ്ടിവരും. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങൾ ഈയർഥത്തിൽ നമ്മുടെ കലാലയങ്ങളുടെ സർഗാത്മകമായ പരിവർത്തനത്തിനുള്ള ചൂണ്ടുപലകയായി മാറ്റാൻ നമുക്ക് സാധിക്കണം.

Latest News