ലക്‌നൗ- ഉത്തർപ്രദേശിൽ ഭൂമി തർക്കത്തെ തുടർന്ന് വെടിവെച്ചു കൊന്ന പത്ത് ദളിതരുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലീസ് തടഞ്ഞു. പ്രിയങ്കയെയും സഹായികളെയും അറസ്റ്റ് ചെയ്താണ് നാരായൺപൂർ പോലീസ് പ്രിയങ്കയുടെ യാത്ര തടഞ്ഞത്. വാരാണസിയിൽ നിന്നും വെടിവെപ്പു നടന്ന സോൻഭാദ്രയിലേക്ക് പോകവേ മുക്താർപൂരിൽവെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.
മരിച്ചവരുടെ ബന്ധുക്കളെ തനിക്കും തന്നോടൊപ്പമുള്ള നാലു പേർക്കും സന്ദർശിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ഇത് അനുവദിച്ചില്ല. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ' ഇവർ എന്നെ എവിടെയാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും എവിടെപ്പോകാനും ഞങ്ങൾ തയ്യാറാണെന്നും പ്രിയങ്ക മാധ്യമസംഘത്തോട് പറഞ്ഞത്. യു.പിയിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പിൽ 11 വയസുള്ള കുട്ടിയ്ക്കുവരെ പരുക്കേറ്റിട്ടുണ്ട്. ബി.എച്ച്.യുവിൽ നിന്നാണ് ഞാൻ വരുന്നത്. ബുള്ളറ്റിനാൽ പരുക്കേറ്റ 11 വയസുകാരനെ വരെ ഞാൻ അവിടെ കണ്ടു. പത്താളുകളാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ എനിക്ക് ഇരകളുടെ കുടുംബത്തെ കാണണം. യാതൊരു കാരണവുമില്ലാതെ എന്നെ തടയുകയാണ്. ഏതു നിയമപ്രകാരമാണ് എന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കണം.' അവർ പറഞ്ഞു.
എന്തുകൊണ്ട് തന്നെ തടഞ്ഞുവെന്ന് ഭരണകൂടം വ്യക്തമാക്കുന്നതുവരെ ഇവിടെ തുടരും. ഇരകളുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാവില്ല.' എന്റെ മകന്റെ പ്രായമുള്ള കുട്ടിക്ക് വരെ വെടിയേറ്റിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോൻഭാദ്രയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവൻ ഇ.കെ ദത്ത് രണ്ട് വർഷം മുമ്പ് 36 ഏക്കർ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാൻ ഇയാൾ എത്തിയപ്പോൾ ഗ്രാമീണർ എതിർത്തതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഗ്രാമത്തലവൻ കൂട്ടാളികളുമായി ചേർന്ന് ഗ്രാമീണർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.