വാഷിംഗ്‌ടൺ- ഹോർമുസ് കടലിടുക്കിൽ നങ്കൂരമിട്ട അമേരിക്കൻ യുദ്ധക്കപ്പലിന് സമീപത്തെത്തിയ ഇറാൻ ഡ്രോൺ തകർത്തെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആയിരം മീറ്ററോളം അടുത്തെത്തിയ ഡ്രോൺ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി തകർക്കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യു എസ് എസ് ബോക്‌സർ എന്ന കപ്പലാണ് ഡ്രോൺ തകർത്തിട്ടത്. അമേരിക്കൻ കപ്പലിനും നാവികർക്കും ഭീഷണിയായാണ് ഇത് എത്തിയതെന്നും സംഭവത്തിൽ ലോക രാജ്യങ്ങൾ അപലപിക്കണമെന്നും കപ്പലുകളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. അടുത്തിടെ അമേരിക്കൻ ഡ്രോൺ ഇറാൻ തകർത്തിരുന്നു. പുതിയ സംഭവം ഇറാൻ അമേരിക്ക പ്രശ്‌നം കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ.