ഇസ്‌ലാമാബാദ്- ഇന്ത്യയുമായുള്ള പ്രശ്‌നത്തിൽ വ്യോമ മേഖല നിരോധനം ഏർപ്പെടുത്തിയതിലൂടെ രാജ്യത്തിനു 50 മില്യൺ ഡോളർ (എട്ടു ബില്യൺ പാക് രൂപ) നഷ്‌ടമുണ്ടായെന്നു പാകിസ്ഥാൻ. സിവിൽ ഏവിയേഷൻ മന്ത്രി ഗുലാം സർവാർ ഖാൻ കറാച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തിനുണ്ടായ കനത്ത നഷ്‌ടം വെളിപ്പെടുത്തിയത്. നൂറുകണക്കിന് യാത്രാ, ചരക്കു വിമാനങ്ങളെയാണ് വ്യോമ മേഖല നിരോധനം ബാധിച്ചത്. യാത്രാ സമയം വർധിച്ചതിനു പുറമെ ഇന്ധന ചിലവും കുത്തനെ ഉയർന്നിരുന്നു. അതേസമയം, ഇന്ത്യയുടെ നഷ്‌ടം എത്രയാണെന്ന് യാതൊരു വ്യക്തതയില്ലെന്നും എങ്കിലും പാകിസ്ഥാനെക്കാൾ എത്രയോ മടങ്ങായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് പാകിസ്ഥാൻ തങ്ങളുടെ വ്യോമ മേഖലയിലൂടെയുള്ള ഇന്ത്യൻ വിമാനങ്ങളുടെ യാത്ര തടഞ്ഞു പ്രതികാര നടപടികളിലേക്ക് നീങ്ങിയത്. ഫെബ്രുവരി പതിനാലിന് കാശ്‌മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ബാലക്കോട്ട് ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ നടത്തിയ മിന്നൽ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പാക് നടപടി. എന്നാൽ, അതിർത്തികളിലെ ഇന്ത്യൻ പോർ വിമാനങ്ങൾ പിൻവലിക്കാതെ വ്യോമ മേഖല നിയന്ത്രണം പിൻവലിക്കില്ലെന്ന് പാക് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ തീരുമാനം പിൻവലിച്ചു വ്യോമ മേഖല തുറന്നതായി പാകിസ്ഥാൻ പ്രഖ്യാപിക്കുകയായിരുന്നു.