കൊൽക്കത്ത- പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകി ടെലിവിഷൻ നടിമാർ ബി ജെ പിയിൽ ചേർന്നു. പതിമൂന്നു ടെലിഷൻ താരങ്ങളാണ് ദില്ലിയിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ടിവി സീരിയൽ താരങ്ങളായ ഋഷി കൗശിക്, പർണോ മിത്ര, കാഞ്ചന മൊയ്‌ത്ര, രൂപഞ്ജന മിത്ര, ബിശ്വജിത് ഗാംഗുലി, ദേബ് രഞ്ജൻ നാഗ്, അരിന്ദം ഹാൽഡർ, മൗമിത ഗുപ്‍ത, അനിന്ദ്യ ബാനർജി, സൗരവ് ചക്രവർത്തി, രൂപ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രവർത്തി എന്നിവരാണ് ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സന്തുഷ്‌ടരാണെന്നും ബിജെപി യുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നുവെന്നും പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. പശ്ചിമ ബംഗാളിൽ ബി ജെ പി അംഗത്വം സ്വീകരിക്കൽ അപകടസാധ്യതയുള്ള കാര്യമാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
സിനിമാ താരങ്ങളെ ലോകസഭാഗംങ്ങളാക്കിയ തൃണമൂൽ കോൺഗ്രസിനു അതേ നാണയത്തിലുള്ള മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം. സിനിമാ താരങ്ങളായ മിമി ചക്രവർത്തി, നുസ്രത്ത് ജഹാൻ എന്നിവർ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ലോക സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഇതാണ് ബി ജെ പിയെ ഈ വഴിക്ക് പ്രേരിപ്പിക്കാൻ കാരണം. 2021 ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഏതു വിധേനയും ശക്തിപ്പെടുത്തുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യം.