ലണ്ടൻ- വിമാനയാത്രക്കിടെ അപകടകരമായ രീതിയിലുള്ള യുവതിയുടെ പെരുമാറ്റത്തെ തുടർന്ന് വിമാനം ലണ്ടനിൽ തന്നെ തിരിച്ചിറക്കിയ സംഭവത്തിൽ യാത്രക്കാരിയിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കാനൊരുങ്ങി വിമാന കമ്പനി. ജെറ്റ് 2 വിമാന കമ്പനിയാണ് 25 കാരിയായ യുവതിയിൽ നിന്നും നഷ്‌ടപരിഹാരമായി 106,000 ഡോളർ (7,291,479 രൂപ) പിഴ ഈടാക്കാൻ നടപടി തുടങ്ങിയത്. തുർക്കിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. യാത്രക്കിടെ 25 കാരിയായ ബ്രിട്ടീഷ് യുവതി യാത്രക്ക് ഭീഷണിയാകുന്ന തരത്തിൽ പെരുമാറിയതിനെ തുടർന്ന് വിമാനം ബ്രിട്ടനിലേക്ക് തന്നെ തിരിച്ചു പറക്കുകയായിരുന്നു. വിമാനത്തിലെ സ്ഥിതി വിശേഷം പൈലറ്റ് അറിയിച്ചതിനെ തുടർന്ന് രണ്ടു റോയൽ ജെറ്റ് വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം തിരിച്ചു പറന്നത്. ലാൻഡ് ചെയ്‌ത ഉടൻ തന്നെ സുരക്ഷാ സേന വിമാനത്തിൽ നിന്നും യുവതിയെ അറസ്‌റ്റു ചെയ്‌തു നീക്കി. നഷ്‌ടപരിഹാരമായി ഭീമമായ തുക കാരണക്കാരിയായ യുവതിയിൽ നിന്നും ഈടാക്കാനുള്ള ശ്രമം തുടങ്ങിയെന്നും ഇത്രയും കാലത്തെ വിമാന സർവ്വീസിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ഏറ്റവും ഗുരുതരമായ സംഭവമാണിതെന്നും ജെറ്റ് 2 സി ഇ ഒ സ്‌റ്റീവ് ഹെപ്പി പറഞ്ഞു.