കൊൽക്കത്ത- ഭാര്യയുടെ രഹസ്യ ബന്ധമറിഞ്ഞ ഭർത്താവിന്റെ പ്രതികാര നടപടിയിൽ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. അയൽവാസിയായ കാമുകന്റെ വീട്ടിലെത്തി പ്രതികാര നടപടിയായി വൈദ്യുത കമ്പി കെണിയാക്കി വലിച്ചു കെട്ടി ഇദ്ദേഹം വീടിനു പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾക്ക് തീകൊളുത്തുകയായിരുന്നു. തീപടരുന്നത് കണ്ടു ഓടിയെത്തിയ വീട്ടുകാർ വൈദ്യുതകെണിയിൽ തട്ടിവീണു മൂന്നു പേർ വൈദ്യുതാഘാതമേറ്റു മരിച്ചു. തീയണക്കാനുള്ള ശ്രമത്തിൽ ആറു പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തു. പശ്ചിമ ബംഗാളിലെ പർഗനാസ് ജില്ലയിലെ മഹേശ്ത്തലയിൽ ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ഭാര്യക്ക് കാമുകനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെ കടും കൈക്ക് പ്രേരിപ്പിച്ചത്.
രണ്ടാഴ്ച്ച മുൻപ് പ്രതിയുടെ ഭാര്യ കാമുകനുമൊത്ത് പോയതിലുള്ള വിഷമത്തിലാണ് പ്രതികാര നടപടിയുമായി ഭർത്താവായ 46 കാരൻ പദ്ധതി തയ്യാറാക്കി കാമുകന്റെ വീട്ടിലെത്തിയത്. കാമുകന്റെ വീട്ടിലെത്തിയ യുവതിയുടെ ഭർത്താവ് ഇലക്ട്രിക് വയർ തയ്യാറാക്കിയ ശേഷം വീടിനു പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾക്ക് തീ കൊടുക്കുകയായിരുന്നു. തീ ആളിപ്പടർന്നപ്പോൾ അത് അണക്കാനായി ഓടിയെത്തിയ വീട്ടുകാരാണ് വൈദ്യുതക്കെണിയിൽ പെട്ടത്. വൈദ്യുതാഘാതമേറ്റ മൂന്നു പേർ ഷോക്കേറ്റ് മരിക്കുകയും തീയണക്കാൻ ശ്രമം നടത്തിയ ആറു പേർക്ക് പൊള്ളലേറ്റതായും പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഏറെ നേരത്തെ തിരച്ചിലിനു ശേഷം അക്റ റെയിൽവേ സ്‌റ്റേഷനു സമീപത്തു നിന്നും കണ്ടെത്തിയ നാട്ടുകാർ പെരുമാറിയ ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. നാട്ടുകാരുടെ ആക്രമണത്തെ തുടർന്ന് ഏറെ അവശനായ ഇദ്ദേഹത്തെ പോലീസ് കൊൽക്കത്ത വിദ്യാസാഗർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.