ന്യൂദല്‍ഹി-മദ്യപിച്ച് തോക്കുമായി നൃത്തം ചെയ്ത ബിജെപി എംഎല്‍എയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജെപിയുടെ ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തോക്കുമായി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് എംഎല്‍എയെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
എംഎല്‍എ പുറത്താക്കിയതായി പാര്‍ട്ടിയുടെ മീഡിയ വക്താവും രാജ്യസഭാംഗവുമായ അനില്‍ ബലൂനിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ സന്തോഷത്തിലാണ് എംഎല്‍എ മദ്യപിച്ച് നൃത്തം ചെയ്തത്. വിവാദങ്ങള്‍ക്കിടയിലും മദ്യപിക്കുന്ന വ്യക്തി ഇങ്ങനെയൊക്കെ ചെയ്യുന്നത് സര്‍വസാധാരണമാണ് എന്നായിരുന്നു പ്രണവിന്റെ വാദം.
കൂടാതെ, തോക്കില്‍ ഉണ്ടയില്ലായിരുന്നുവെന്നും ഡാന്‍സ് കളിക്കുന്നത് അത്ര വലിയ പാപമല്ലെന്നും പ്രണവ് പറഞ്ഞിരുന്നു. വിവിധ തരം തോക്കുകള്‍ കയ്യില്‍ പിടിച്ചും കടിച്ച് പിടിച്ചുമായിരുന്നു പ്രണവിന്റെ നൃത്തം. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രണവിന് പാര്‍ട്ടിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.