കൊൽക്കത്ത- മുത്വലാഖിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകി വാർത്തകളിൽ ഇടം നേടുകയും പിന്നീട് ബി ജെ പിയിലേക്ക് ചേക്കേറുകയും ചെയ്‌ത ഇസ്രത്ത് ജഹാൻ ഹനുമാൻ പ്രകീർത്തന പരിപാടിയിൽ. സംഭവം പുറത്തായതോടെ ഒരു പറ്റം ആളുകൾ ഇവരെ തടഞ്ഞു വെച്ച് ഹിജാബ് ധരിച്ചു ഹനുമാൻ കീർത്തന സദസ്സിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്‌തു. സംഭവത്തിൽ തനിക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു യുവതി പൊലീസിന് പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്. വധഭീഷണിയുണ്ടെന്നും ഇവർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച്ചയാണ് ഹനുമാൻ പ്രകീർത്തന പരിപാടിയിൽ യുവതി ഹിജാബ് ധരിച്ച് പങ്കെടുത്തത്. പിന്നീട് ഇവർ സ്‌കൂളിൽ നിന്നും മകനുമായി ഹൗറ നഗരത്തിലെ പിൽഖാനയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ യുവതിയെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തിയത്. തന്റെ വീടിനു ചുറ്റും തടിച്ചു കൂടിയ ആളുകൾ എന്തിനാണ് താൻ ഹിജാബ് ധരിച്ചു ഹനുമാൻ പ്രകീർത്തന പരിപാടിയിൽ പങ്കെടുത്തതെന്നു ചോദിച്ചതായി ഇശ്രത് ജഹാൻ പറഞ്ഞു.
ഹിജാബ് ധരിക്കാതെയാണ് അതിൽ പങ്കെടുക്കേണ്ടിയിരുന്നതെന്നും മുസ്‌ലിംകളെയൊന്നാകം അപകീർത്തിപ്പെടുത്തുകയാണ് ചെയ്‌തതെന്നും ഇവർ വിളിച്ചു പറഞ്ഞതായും യുവതി പറഞ്ഞു. വീടിനു പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതായും യുവതി കൂട്ടിച്ചേർത്തു. മുത്വലാഖ് വിഷയത്തിൽ ആരും അനുകൂലിച്ചില്ലെങ്കിലും ഇത് കൂടുതൽ ഭയപ്പാടുണ്ടാക്കുകയാന്നെന്നും യുവതി കൂട്ടിച്ചേർത്തു. മുത്വലാഖ് നിരോധനത്തിനായി ശ്രമിച്ച ഇസ്രത്ത് ജഹാന്‍ കഴിഞ്ഞ വർഷമാണ് ബി ജെ പിയിൽ ചേർന്നത്. അടുത്തിടെയാണ് ഇസ്രത്ത് ജഹാന്റെ വീടിനു സമീപത്ത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഹനുമാൻ പ്രകീർത്തന പരിപാടി ആരംഭിച്ചത്. ഈ ചടങ്ങിലേക്കു ഇസ്രത്ത് ജഹാനെ ക്ഷണിക്കുകയും ചെയ്‌തിരുന്നതായാണ് റിപ്പോർട്ട്.