തിരുവനന്തപുരം- സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനൊപ്പം വിമാനത്തിൽ യാത്രചെയ്ത സഹായികളുടെ യാത്രചിലവ് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചു. കാബിനറ്റ് പദവിയുള്ള വി.എസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്സനൽ സ്റ്റാഫിലെ ജി.ഉദയകുമാർ, കെ.എൻ.സുഭഗൻ എന്നിവരുടെ വിമാന ടിക്കറ്റിന് ചെലവായ 88,327 രൂപ അനുവദിക്കണമെന്ന ആവശ്യമാണ് നിരാകരിച്ചത്. മന്ത്രിമാരുടെ യാത്രയിൽ സഹായികൾ അനുഗമിക്കുന്നതു പോലെ മന്ത്രി പദവിയിലുള്ള വി.എസിനും അതിന് അവകാശമുണ്ടെന്നു ഭരണപരിഷ്കാര വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി.കമലവർധന റാവു ധനവകുപ്പിനോടു ശുപാർശ ചെയ്തിരുന്നു.ധനമന്ത്രി ടി.എം.തോമസ് ഐസക്കും ഇക്കാര്യം അംഗീകരിച്ചു. എന്നാൽ, 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയൽ മടക്കുകയായിരുന്നു.