ന്യൂദല്‍ഹി- മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട യുവതി ജാമ്യം ലഭിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന നിബന്ധന കോടതി പിന്‍വലിച്ചു. ഖുര്‍ആന്‍ വിതരണം നടപ്പിലാക്കാന്‍ പ്രയാസമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നിബന്ധന ജഡ്ജി പിന്‍വലിച്ചത്.
റാഞ്ചി കോടതിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ വിധി മരവിപ്പിച്ചു മറ്റൊരു വിധി പ്രസ്താവിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കോടതി വിധി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി മറ്റൊരു വിധി നല്‍കുന്നത് രാജ്യത്ത് ആദ്യ സംഭവമാണ്.
ഫേസ്ബുക്കില്‍ മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട 19 കാരിയായ ബികോം വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. വാദം കേട്ട കോടതി ജാമ്യം ലഭിക്കാന്‍ അഞ്ചു സെറ്റ് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് നിബന്ധന വെച്ചത്. നഗരത്തിലെ നാലു ലൈബ്രറികള്‍ക്കും മറ്റൊന്ന് പരാതി നല്‍കിയ പ്രദേശത്തെ മുസ്ലിം സംഘടനയായ അന്‍ജുമന്‍ കമ്മിറ്റിക്കും നല്‍കാനായിരുന്നു വിധി. എന്നാല്‍, വിധി പുറത്ത് വന്നതിനു പിന്നാലെ ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗികത ചൂണ്ടിക്കാണിച്ചു അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ മറ പിടിച്ചാണ് കോടതി മറ്റൊരു വാദം കേള്‍ക്കാതെ വിധി മാറ്റിയത്. 7000 രൂപയുടെ ജാമ്യ ബോണ്ടിലും തത്തുല്യമായ രണ്ടു ആള്‍ ജാമ്യത്തിലും ജുഡീഷ്യല്‍ മജിസ്‌ടേറ്റ് മനീഷ് കുമാര്‍ സിംഗ് വിദ്യാര്‍ഥിനിക്ക് ജാമ്യം അനുവദിച്ചു.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ യുവതിക്ക് സഹായം വാഗ്ദാനം ചെയ്തു നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജില്ലാ ബാര്‍ അസോസിയേഷന്‍ ജുഡീഷ്യല്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ ജഡ്ജിയെ സ്ഥലം മാറ്റണമെന്നും അല്ലെങ്കില്‍ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റിച്ചാ ഭാരതിയെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത കേസില്‍ പിത്തോറ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് തന്റേതായിരുന്നില്ലെന്നും മറ്റാരോ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു.
വിവിധ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ അമ്പലങ്ങളില്‍ പോകാനോ ഹനുമാന്‍ വേദം പാടാനോ ആരും വിധി നല്‍കിയിട്ടില്ലെന്നും യുവതി പ്രതികരിച്ചു. ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശയില്‍ കോടതി വിധി തിരുത്തുന്നത്.