Sorry, you need to enable JavaScript to visit this website.

ബീഫിന്റെ പേരില്‍ മര്‍ദനമേറ്റ തമിഴ് യുവാവിനെതിരെ കേസ്; അറസ്റ്റ് ചെയ്യും

ചെന്നൈ- ബീഫ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞയാഴ്ചയാണ് 24 കാരനായ മുഹമ്മദ് ഫൈസാനെ  നാഗപട്ടണം ജില്ലയിലെ കീവലൂരില്‍ ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. പശു മാംസം കൊണ്ട് ഉണ്ടാക്കിയ കറിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.  ഇതിനു പിന്നാലെ ബാന്‍ഡേജുമായി ആശുപത്രിയില്‍ കഴിയുന്ന ഫൈസാന്റെ ചിത്രങ്ങള്‍ ബീഫുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.  ബീഫ് 4 ലൈഫ്, വീ ലവ് ബീഫ് എന്നിവയായിരുന്നു ഹാഷ് ടാഗുകള്‍.  ഫൈസാന്‍ സുഖം പ്രാപിച്ചുവെങ്കിലും ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ല.
 മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിനാണ്  യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ഫൈസാനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു. എഫ്.ഐ.ആറില്‍ ഫൈസാന്റെ സുഹൃത്തുക്കളായ ഷാഹുല്‍ ഹമീദ്, മുഹമ്മദ് യൂനിസ് എന്നിവരേയും കൂട്ടുപ്രതികളായി ചേര്‍ത്തിട്ടുണ്ട്.
ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കച്ചിയുടെ നേതാവ് എ.പാര്‍ത്തിപനെ പ്രകോപിപ്പിക്കാനായിരുന്നു ഫൈസാന്റെ ഫേസ് ബുക്ക് പോസ്‌റ്റെന്ന് പോലീസ് പറയുന്നു. മതപരമായ ശത്രുത വളര്‍ത്തുന്നതിന് ഫൈസാനും മറ്റു രണ്ടു പ്രതികളും അസഭ്യ ഭാഷ ഉപയോഗിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഹമീദും പാര്‍ത്തിപനും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു തുടക്കമെന്ന് പോലീസ് പറഞ്ഞു. വാട്ടര്‍ ടാങ്കറില്‍ ജലം വിതരണം ചെയ്യുന്ന ഹമീദ്, പാര്‍ത്തിപന്റെ സ്ഥലമായ സിക്കലിലെത്തിയപ്പോള്‍ പകുതി വെള്ളം മാത്രം വിതരണം ചെയ്ത് ബാക്കി വെള്ളവുമായി പോകാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തിനു ശേഷം സ്ഥലത്തുനിന്ന് പോയ ഹമീദ് പിന്നീട് പാര്‍ത്തിപന്റെ ഭാര്യയെ അസഭ്യം പറയുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനു പിന്നാലെ ഹമീദിന്റെ സുഹൃത്ത് യൂനിസ് ബീഫ് വിഭവത്തെ കുറിച്ച് പ്രകോപനമുണ്ടാക്കുന്ന അടിക്കുറിപ്പോടെ ഫേസ് ബുക്കില്‍  പോസ്റ്റ് ചെയ്തു. ചിത്രം ഇയാള്‍ ഉടന്‍ പിന്‍വലിച്ചുവെങ്കിലും ഹിന്ദുമക്കള്‍ കച്ചി നേതാവ് പാര്‍ത്തിപന്‍ രണ്ടു പേര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ ഫൈസാന്‍ ബീഫ് വിഭവം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു. ബീഫ് ഈസ് ബീഫ്, മൈ ഫ്രന്റ് എന്നു മാത്രമായിരുന്നു അടിക്കുറിപ്പ്. എന്നാല്‍ ഇത് തന്നെ ലക്ഷ്യമിട്ടാണെന്ന് പാര്‍ത്തിപന്‍ പരാതിപ്പെട്ടു. ഇവര്‍ മൂന്ന് പേരും ഒരു സ്ഥലത്തുള്ളവരും പരിചയക്കാരുമായതിനാലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് പറയുന്നു.
ഫൈസാന്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും എന്നാല്‍ അയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, ഫൈസാനെ മര്‍ദിച്ച എന്‍.ദിനേഷ് കുമാര്‍ (28), എ. അഗത്തിയന്‍ (29), എ.ഗണേഷ് കുമാര്‍ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പട്ടാളി മക്കള്‍ കച്ചി പ്രവര്‍ത്തകരാണെന്ന് ഫൈസാന്‍ പറയുമ്പോള്‍ മറ്റു പാര്‍ട്ടിക്കാരാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
ദിനേഷ് കുമാര്‍ എഎംഎംകെ പ്രവര്‍ത്തകനാണെന്നും മറ്റുള്ളവര്‍ക്ക് ഹിന്ദു മക്കള്‍ കച്ചിയുമായി ബന്ധമില്ലെന്നും എന്നാല്‍ ബീഫ് കഴിച്ചതിനു തന്നെയാണ് മര്‍ദിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ അടുത്ത പത്ത് ദിവസത്തേക്ക് പ്രദേശം സന്ദര്‍ശിക്കുന്നതില്‍നിന്ന് ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെ പോലീസ് തടഞ്ഞു.

 

Latest News