അഹമ്മദാബാദ്- ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലെ ഠാക്കോര്‍ സമുദായം അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുന്നത്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ വിരല്‍തുമ്പില്‍ നേടിയെടുക്കുമ്പോഴാണ് ഠാക്കോര്‍ സമുദായം വിചിത്ര നിയമം കൊണ്ടു വന്നത്.
അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്നും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്. ഇത്തരമൊരു നിയമം പുറപ്പെടുവിച്ചതിന്റെ കാരണം വ്യക്തമല്ല. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഈ 'നിയമം' കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും തീരുമാനമായി. യാതൊരു കാരണവശാലും സ്വന്തം സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ അനുവാദമില്ല. ചെറുപ്പക്കാര്‍ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ മാതാപിതാക്കള്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ നല്‍കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശം. ഡിജെ പാര്‍ട്ടിയും ഗ്രാമത്തില്‍ അനുവദനീയമല്ല. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചതോടൊപ്പം ചടങ്ങുകളില്‍ പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യ•ാര്‍ ചേര്‍ന്ന് ഇക്കഴിഞ്ഞ 14ന് ദന്തിവാഡ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.