ലഖ്‌നൗ- പശുവിനെ അറുത്തെന്ന് ആരോപിച്ച് യു.പിയിൽ മദ്രസ അടിച്ചുതകർത്തു. ഫത്തേപ്പൂർ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ മൂന്നിടങ്ങളായി ബീഫ് കണ്ടെത്തിയെന്നാരോപിച്ചായിരുന്നു അക്രമം. പശുവിനെ അറുത്തതിനും മദ്രസ അടിച്ചുതകർത്തതിനും പോലീസ് കേസെടുത്തു. ഗോഹത്യാനിരോധന നിയമപ്രകാരം മുഷ്താഖ് എന്നയാൾക്കെതിരെയാണ് ഒരു കേസ് എടുത്തിരിക്കുന്നത്. മദ്രസക്ക് നേരെയുണ്ടായ ആക്രമത്തിൽ തിരിച്ചറിയാത്ത 60 പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബെഹ്ത ഗ്രാമത്തിലുള്ള മുഷ്താഖിന്റെ വീടിന് സമീപത്തുനിന്നായി പശുവിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. മുഷ്താഖ് വളർത്തുന്ന പശുവിനെയായിരുന്നു അറുത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ പ്രദേശത്തെ െ്രെപമറി സ്‌കൂളിന് സമീപത്തായുള്ള കുളത്തിന് സമീപം പശുമാംസവും പശുവിന്റെ രണ്ടു കാലുകളും കണ്ടെത്തി. മാംസം പരിശോധിക്കാനായി വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തിയ പൊലീസുകാർ മാംസം ബീഫാണെന്ന് സ്ഥിരീകരിച്ചു.
ഇതിന് ശേഷമാണ് മദ്രസയ്ക്ക് സമീപത്തായി ചത്ത പശുവിന്റെ തല ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത്. മുഷ്താഖിന്റെ വീടിന് സമീപത്തയാണ് മദ്രസയും സ്ഥിതി ചെയ്യുന്നത്. തുടർന്ന് പ്രദേശത്തെ ചിലയാളുകൾ മുഷ്താഖിന്റെ വീടിന് നേരെ പ്രതിഷേധവുമായി എത്തി. മുഷ്താഖാണ് പ്രതിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് മദ്രസയ്ക്ക് നേരെ ഇവർ കല്ലെറിയുകയും മദ്രസയുടെ ചുറ്റുമതിൽ പൊളിച്ച് അകത്ത് കയറി മദ്രസ തല്ലിത്തകർക്കുകയുമായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രമേശ് പറഞ്ഞു.
മുഷ്താഖിന്റെ വീട്ടിൽ വളർത്തുന്ന പശുവിനെ കഴിഞ്ഞ ദിവസം മതപരമായ ചില ചടങ്ങുകൾക്ക് വേണ്ടി വീടിന് സമീപത്തുള്ള ധർമേന്ദ്ര സിങ് എന്നയാൾ വാങ്ങിച്ചിരുന്നു. ചടങ്ങിന് ശേഷം മുഷ്താഖിന് തന്നെ പശുവിനെ തിരിച്ചു നൽകി. പിറ്റേ ദിവസമാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്.