Sorry, you need to enable JavaScript to visit this website.

ബോൾടിനെ പ്രണയിച്ച നഗരം

ജമൈക്കയാണ് ഉസൈൻ ബോൾടിന്റെ ജന്മനാടെങ്കിൽ ചെക് റിപ്പബ്ലിക്കിലെ ഓസ്ട്രാവയാണ് സ്പ്രിന്ററുടെ രണ്ടാം വീട്. ഈ നഗരമാണ് ബോൾടിനെ ആദ്യം കണ്ടെത്തിയത്. ബെയ്ജിംഗ് ഒളിംപിക്‌സിലെ ആ രാത്രിയിൽ ലോകം ഹൃദയത്തിലേറ്റു വാങ്ങും മുമ്പ് ബോൾടിനെ ക്ഷണിച്ചു സ്വീകരിച്ചവരാണ് ഓസ്ട്രാവക്കാർ. കരിയറിന്റെ അവസാന വർഷത്തിൽ യൂറോപ്യൻ സീസണിന് തുടക്കം കുറിക്കാൻ ഓസ്ട്രാവയെ തന്നെ ബോൾട് തെരഞ്ഞെടുത്തത് വെറുതെയല്ല. 
ആരും മോഹിച്ചു പോവുന്ന നഗരമല്ല ഓസ്ട്രാവ. വടക്കുകിഴക്കൻ ചെക് റിപ്പബ്ലിക്കിലെ അന്തരീക്ഷ മാലിന്യം നിറഞ്ഞ സ്റ്റീൽ സിറ്റിയാണ് അത്. പച്ചപ്പും കുഞ്ഞരുവികളും മലമ്പാതകളുമുള്ള ജമൈക്കയിൽനിന്ന് ഏറെ വ്യത്യസ്തം. വ്യവസായ വിപ്ലവം മുറിവേൽപിച്ച നഗരത്തിലെ നിരനിരയായുള്ള വീടുകൾക്കിടയിലൂടെ പഴകിയ ട്രാമുകൾ വളഞ്ഞുപുളഞ്ഞു പോവുന്നു. 1994 ലാണ് ഇവിടുത്തെ അവസാന കൽക്കരി ഖനിയും അടച്ചുപൂട്ടിയത്. ഉരുക്കുഖനിയിലെ തൊഴിലാളികളുടെ കരിപിടിച്ച നഗരമാണ് ഇതെന്ന് ഓസ്ട്രാവയിലെ ഗോൾഡ് സ്‌പൈക് അത്‌ലറ്റിക് മീറ്റിന്റെ സംഘാടകൻ അൽഫോൺസ് ജക് പറയുന്നു. എന്നിട്ടും ഒമ്പതാം തവണയാണ് ബോൾട് ബുധനാഴ്ച ഇവിടെ ഓടിയത്. ചെക് റിപ്പബ്ലിക്കിലെ മൂന്നാമത്തെ നഗരത്തിന് ഇതിൽപരം പ്രശസ്തിയെന്തു വേണം. ഗാലറിയിൽ ജമൈക്കയുടെ പതാകയൊരുക്കി, നന്ദി ഉസൈൻ എന്ന് അവർ രേഖപ്പെടുത്തിയത് വെറുതെയല്ല. 2004 ൽ ജൂനിയർ മീറ്റിനായാണ് അറിയപ്പെടാത്ത ബോൾടിനെ ഓസ്ട്രാവ സ്വീകരിച്ചത്. 2006 ലായിരുന്നു സീനിയർ തലത്തിൽ ബോൾടിന്റെ ആദ്യ മത്സരം. ബെയ്ജിംഗ് ഒളിംപിക്‌സിനും രണ്ടു വർഷം മുമ്പ്. 
2006 ലെ അരങ്ങേറ്റത്തിനു ശേഷം ഓസ്ട്രാവ ഒരു കാര്യമേ ചിന്തിച്ചുള്ളൂ, ബോൾടിനെപ്പോഴാണ് സൗകര്യം അപ്പോഴായിരിക്കും ഇവിടുത്തെ മീറ്റ്. മറ്റ് അത്‌ലറ്റുകളൊന്നും അവർക്ക് പ്രശ്‌നമായില്ല. ഓസ്ട്രാവയിലെത്തുക എളുപ്പമല്ല. ചെക് തലസ്ഥാനമായ പ്രാഗിൽനിന്ന് ഓസ്ട്രാവയിലേക്കുള്ള വിമാനങ്ങൾ ചെറുതാണ്. അതികായനായ ബോൾടിന് അത് പ്രയാസമുള്ള യാത്രയായിരിക്കും. അതിനാൽ സമീപകാലത്ത് ലണ്ടനിൽനിന്ന് സ്വകാര്യ വിമാനം തന്നെ സംഘാടകർ ബോൾടിനായി ഒരുക്കി. പണം മാത്രം മോഹിച്ചല്ല ഓസ്ട്രാവ ബോൾടിന് പ്രാധാന്യം നൽകിയതെന്നും സൗഹൃദമായിരുന്നു പരമപ്രധാനമെന്നും അൽഫോൺസ് ജക് പറയുന്നു. ട്രാക്ക് ആന്റ് ഫീൽഡിനോട് വിടപറയുന്ന അവസാന വർഷം താൻ മത്സരിക്കുന്ന അപൂർവം മീറ്റുകളിലൊന്നായി ബോൾട് ഓസ്ട്രാവയെ തെരഞ്ഞെടുത്തത് വെറുതെയല്ല. 
ഇതെന്റെ ഇഷ്ട വേദിയാണെന്ന് പറയാൻ ബോൾടിന് മടിയില്ല. 'അവസാനമായി ഇവിടെ ഓടിയത് വല്ലാത്ത അനുഭവമായിരുന്നു. ഇതെനിക്ക് സ്വന്തം മണ്ണ് പോലെയാണ്. വല്ലാത്തൊരു വികാരം' -ബോൾട് പറഞ്ഞു. 
ഏതു സമയത്തു വന്നാലും ഒരേ മുറിയിലാണ് ഇവിടെ ബോൾട് താമസിച്ചത്. വിരസതയകറ്റാൻ അവിടെ പ്ലേസ്റ്റേഷൻ ഒരുക്കി വെച്ചിട്ടുണ്ട്. കരിയറിൽ രണ്ടു തവണ മാത്രമാണ് ബോൾട് ഇവിടെ മത്സരിക്കാതിരുന്നത്, 2013 ലും 2014 ലും. 
'ഒരുപാട് സ്മരണകളുണ്ട് ഇവിടെ. എത്ര തണുപ്പായാലും മഴയായാലും ഇവിടെ ആരാധകർ നിറയും, എന്നെ പിന്തുണക്കാൻ നിറഞ്ഞ സ്റ്റേഡിയമുണ്ടാവും. പല വേദികളിലും ഞാൻ മത്സരിച്ചിട്ടുണ്ട്. തണുത്ത കാലാവസ്ഥയാവുമ്പോൾ എവിടെയും കാണികൾ കുറയും. കാണികളാണ് മികവു കാട്ടാൻ എനിക്ക് പ്രേരണയാവുന്നത്' -ബോൾട് പറഞ്ഞു. 
പോളണ്ട് അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ മാത്രം അരികിലുള്ള ഈ നഗരത്തെ ബോൾട് സ്‌നേഹിക്കുന്നു, തിരിച്ച് ഈ നഗരവും. നഗരത്തിലെ ഒരേയൊരു പൗരാണിക നാഴികക്കല്ലാണ് പഴയ ചൂള. 
78 മീറ്റർ ഉയരത്തിൽ ആകാശം മുട്ടുനിൽക്കുന്ന ഈ ചൂള ബോൾട് ടവർ എന്നാണ് അറിയപ്പെടുന്നത്. 'ഇതിന് ബോൾട് ടവർ എന്നു പേരിടട്ടേയെന്ന് ഞങ്ങൾ ബോൾടിനോട് ചോദിച്ചു, ഉടനെ ബോൾട് സമ്മതം മൂളി. അത് വലിയൊരു കിട്ടൽ തന്നെയായിരുന്നു' -അൽഫോൺസ് ജക് പറയുന്നു.
ബോൾട് വിടവാങ്ങുമ്പോൾ ഓസ്ട്രാവ പുതിയ താരത്തെ കണ്ടുവെച്ചിരിക്കുകയാണ്. മറ്റാരുമല്ല ബോൾടിന്റെ ട്രെയിനിംഗ് പാർട്ണർ വെയ്ഡ് വാൻ നീക്കർക്ക്. ദക്ഷിണാഫ്രിക്കക്കാരനായ നീക്കർക്കിനും തന്റെ ആദ്യ പ്രൊഫഷനൽ മത്സരം ഓസ്ട്രാവയിലായിരുന്നു, 2013 ൽ. പക്ഷേ മറ്റൊരു ബോൾട് ഇനിയുണ്ടാവില്ലെന്ന് ജക് കരുതുന്നു. പുതിയ താരങ്ങളുണ്ടാവാം, പുതിയ ബോൾട് ഉണ്ടാവില്ല. ബോൾടിന്റേത് സൂപ്പർ റിസൾടുകളാണ്, 9.5, 19.1.. സമീപകാലത്തൊന്നും അത്തരമൊന്ന് നാം കാണില്ല. പിന്നെ ആ പ്രതിഭാവിലാസം, കരിഷ്മ, വ്യക്തിത്വം, ഷോ.. മറ്റാർക്കും അതു കഴിയില്ല. ബോൾട് എന്റെ സുഹൃത്തായതിനാലല്ല ഇതു പറയുന്നത്. ഈ സ്‌പോർട്‌സിനെ അറിയുന്നതിനാലാണ്. മുൻകാലത്തെ പ്രമുഖ താരങ്ങളൊക്കെ അഹങ്കാരികളായിരുന്നു. ഉസൈൻ അങ്ങനെയല്ല, നല്ല മനുഷ്യൻ കൂടിയാണ് -ജക് വിലയിരുത്തുന്നു. 

Latest News