ന്യൂദൽഹി - ജെ.എൻ.യുവിലെ മരച്ചുവട്ടിൽ ഒറ്റക്കിരുന്നുള്ള പഠനം മതിയാക്കിയിരിക്കുകയാണ് രാജ്മൽ മീണ. ഇതുവരെയണിഞ്ഞ കാവൽക്കാരന്റെ കുപ്പായം അഴിച്ചുവെച്ച് ഈ 34 കാരൻ ക്ലാസ് മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ മനസ്സിരുത്തി പഠിക്കേണ്ട ഒരു പാഠം നമുക്കു മുന്നിൽ തുറക്കുകയായി. കുടുംബത്തിന്റെ ഏക വരുമാനം രാജ്മലിന്റെ സെക്യൂരിറ്റി ജോലിയിൽനിന്നു ലഭിക്കുന്ന പതിനയ്യായിരം രൂപയാണ്. അതിനി എന്താകുമെന്ന കാര്യത്തിൽ ചിന്തിച്ചു നട്ടം തിരിഞ്ഞിരിക്കുന്ന ഭാര്യയെ എല്ലാത്തിനും വഴിയുണ്ടാകും എന്നാശ്വസിപ്പിക്കുന്ന രാജ്മൽ മീണ ഇനിമുതൽ ദൽഹി ജെ.എൻ.യുവിലെ ബി.എ വിദ്യാർഥിയാണ്. ദൽഹിയിലെ മൂനീർക്കയിൽ ഭാര്യക്കും മൂന്നു പെൺമക്കൾക്കും ഒപ്പം ഒറ്റമുറി ഫഌറ്റിലാണ് രാജ്മലിന്റെ താമസം.
കഴിഞ്ഞ ആഴ്ച നടന്ന ജെ.എൻ.യു എൻട്രൻസ് പരീക്ഷ രാജ്മൽ മീണ പാസായി. ബിഎ റഷ്യൻ (ഓണേഴ്‌സ്) കോഴ്‌സിനാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഒരുപാട് നാടുകൾ ചുറ്റിക്കറങ്ങാനുള്ള താൽപര്യമാണ് റഷ്യൻ ഭാഷ പഠനത്തിനായി തെരഞ്ഞെടുക്കാനുള്ള കാരണം. 2014 മുതൽ ജെ.എൻ.യു കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശി രാജ്മൽ മീണ. രാജസ്ഥാനിലെ കരൗളിയാണ് രാജ്മലിന്റെ സ്വദേശം.
കൂലിപ്പണിക്കാരനായിരുന്നു പിതാവ്. കുട്ടിക്കാലത്ത് സ്വന്തം ഗ്രാമമായ ഭജേരയിലെ സർക്കാർ സ്‌കൂളിൽ ചേർന്നുവെങ്കിലും ഇടക്ക് നിർത്തേണ്ടി വന്നു. ഗ്രാമത്തിൽനിന്നു 30 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ഏറ്റവും അടുത്തുള്ള കോേളജിലേക്ക്. അതോടെ ആ സ്വപ്‌നവും കൈവിട്ടു പോയി. മാത്രമല്ല, കുടുംബം പോറ്റാൻ അച്ഛനൊപ്പം പണിക്കിറങ്ങേണ്ടി വന്നതോടെ വിദ്യാഭ്യാസം എന്ന ആഗ്രഹം ഉള്ളിലൊതുക്കേണ്ടി വന്നു. പിന്നീട് പല ജോലികളും നോക്കിയ രാജ്മൽ അതിനിടെ പഠിക്കാനുള്ള ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു. കഴിഞ്ഞ വർഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഹിന്ദി എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തു.
കുടുംബത്തെ പോറ്റാനുള്ള നെട്ടോട്ടത്തിനിടെ മുഴുവൻ സമയ കോളേജ് പഠനം എന്നതൊരു നടക്കാത്ത സ്വപ്‌നമായി അവശേഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, ജെ.എൻ.യുവിലെ സെക്യൂരിറ്റി ജോലിക്കിടെയാണ് വീണ്ടും ഒരു മുഴുവൻ സമയ വിദ്യാർഥി ആകണം എന്ന ആഗ്രഹം രാജ്മലിനുള്ളിൽ നിറയുന്നത്. അങ്ങനെയാണ് ജെ.എൻ.യു എൻട്രൻസ് പരീക്ഷക്ക് തയാറെടുപ്പുകൾ തുടങ്ങിയതെന്ന് രാജ്മൽ പറയുന്നു. ജോലി സമയത്തിന് ശേഷമുള്ള ഇടവേളകളിലാണ് പഠനത്തിന് സമയം കണ്ടെത്തിയത്. സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും പഠനത്തിനായി തന്നെ ഏറെ സഹായിച്ചിരുന്നു. മൊബൈൽ ഫോണിലെ ആപ്പുകളിലൂടെ എല്ലാ ദിനപത്രങ്ങളും വായിക്കും. കൂടാതെ വിദ്യാർഥികൾ പാഠഭാഗങ്ങളുടെ പി.ഡി.എഫ് പകർപ്പുകളും അയച്ചു നൽകിയിരുന്നുവെന്നും രാജ്മൽ പറഞ്ഞു.
കുടുംബത്തിലെ ഏക വരുമാന മാർഗമായ ജോലി ഉപേക്ഷിച്ച് പഠിക്കാൻ പോകുന്നതിൽ രാജ്മലിന്റെ ഭാര്യക്ക് വലിയ ആശങ്കയുണ്ട്. ഒരേ സമയത്ത് ജെ.എൻ.യുവിൽ ഒരാൾക്ക് വിദ്യാർഥിയും ജീവനക്കാരനും ആയിരിക്കാൻ കഴിയില്ലെന്ന ചട്ടമുണ്ട്. എങ്കിലും നൈറ്റ് ഷിഫ്റ്റിൽ ജോലി അനുവദിക്കുമോ എന്ന അധികൃതരോട് അപേക്ഷിക്കാനാണ് രാജ്മലിന്റെ പരിപാടി. പതിനയ്യായിരം രൂപയാണ് സെക്യൂരിറ്റി ജോലിയിൽനിന്നുള്ള മാസവരുമാനം. രാജ്മലിന്റെ കാര്യത്തിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് ജെ.എൻ.യുവിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ നവീൻ യാദവ് പറഞ്ഞു. എന്നാൽ സർവകലാശാലയിൽ പഠിക്കുമ്പോൾ തന്നെ നൈറ്റ് ഷിഫ്റ്റിൽ ജോലിയെടുക്കാൻ രാജ്മലിന് സാധിക്കില്ലെന്നും തങ്ങളെക്കൊണ്ടു കഴിയാവുന്ന മറ്റെല്ലാ സഹായങ്ങളും ചെയ്യുമെന്നുമാണ് നവീൻ പറഞ്ഞത്.
ഈ സർവകലാശാലയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ പുറത്ത് പരക്കുന്നുണ്ട്. പ്രത്യേകിച്ചും 2016 ഫെബ്രുവരിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം. എന്നാൽ രാജ്യത്തിന് ഏറെ മികച്ച വിദഗ്ധരെ സംഭാവന ചെയ്ത സർവകലാശാലയാണിത്. പഠനത്തിന് ശേഷം അതുപോലൊരു നേട്ടത്തിന്റെ ഭാഗമാകണമെന്നാണ് തന്റെയും ആഗ്രഹമെന്നും രാജ്മൽ പറഞ്ഞു.