ന്യൂദല്‍ഹി- ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹകരണം വ്യാപിപ്പിക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപടികള്‍ ആരംഭിച്ചതായി ഇസ്രായില്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മോണ്‍ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്രപ്രധാന ഇസ്രായില്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഇസ്രായില്‍ കാബിനറ്റ് പ്രമേയം പാസാക്കിയിരുന്നു. തീരുമാനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതായി അംബാസഡര്‍ പറഞ്ഞു.
ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കണണമെന്ന നെതന്യാഹുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യ-ഇസ്രായില്‍ നയതന്ത്ര ബന്ധത്തിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഇരു രാജ്യങ്ങളുടേയും നേട്ടങ്ങള്‍ക്കായി പരസ്പര ബന്ധവും സഹകരണവും ശക്തമാക്കുന്നത്.
ജല, കാര്‍ഷിക മേഖലയില്‍ നിലവില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഇസ്രായില്‍ ശേഷി ഉപയോഗിക്കുന്ന പദ്ധതി മോഡിയുടെ സന്ദര്‍ശനവേളയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗംഗാ നദിയിലെ മലനീകരണം കുറയ്ക്കുന്നതിനും മലിനജലം വീണ്ടും കൃഷി ആവശ്യത്തിന് ഉപയുക്തമാക്കുന്നതിനുമുള്ള പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നു.