ന്യൂദൽഹി- പാകിസ്ഥാൻ വ്യോമ മേഖല അനുവദിച്ചതിലൂടെ ഇന്ത്യൻ വിമാനങ്ങൾക്ക് വൻ ലാഭം. പാകിസ്ഥാൻ വ്യോമ മേഖല ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ നേരത്തെ ഇത് വഴി നടത്തിയിരുന്ന പല സർവ്വീസുകളും വെട്ടിച്ചുരുക്കുകയോ മറ്റു വഴികളിലൂടെ പോകുകയോ ചെയ്യുകയായിരുന്നു. ഇത് മൂലം ഓരോ സർവ്വീസിലും എയർ ഇന്ത്യയടക്കം വിവിധ വിമാന കമ്പനികൾക്ക് കോടികളുടെ നഷ്‌ടമാണ് സംഭവിച്ചത്. പാകിസ്ഥാൻ നിരോധനം നീക്കിയതോടെ പാക് വ്യോമ മേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുമ്പോൾ നഷ്‌ടം ഒഴിവാക്കാനാവുമെന്നത് വിമാന കമ്പനികൾക്ക് ഏറെ നേട്ടമാണ് സമ്മാനിക്കുന്നത്.
അമേരിക്കൻ സെക്റ്ററിലേക്കുള്ള വിമാന സർവീസുകൾക്ക് നിലവിലെ ചിലവിനേക്കാളും ഇരുപത് ലക്ഷം രൂപ കുറവ് ചിലവഴിച്ചാൽ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പ് സെക്റ്ററിലേക്ക് അഞ്ചു ലക്ഷം രൂപയും ലഭിക്കാൻ കഴിയുമെന്നു വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് പാകിസ്ഥാൻ തങ്ങളുടെ വ്യോമ മേഖലയിലൂടെയുള്ള വ്യോമ നിരോധനം പാകിസ്ഥാൻ പിൻവലിച്ചത്.