മുബൈ- നഗരത്തിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു രണ്ടു പേർ മരിച്ചു. നാൽപതോളം പേർ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. മുംബൈയിലെ തിരക്കേറിയ ഡോൺഗ്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11.40നാണ് നാലു നിലയുള്ള കെട്ടിടം തകർന്നുവീണത്. അഞ്ചുപേരെ ഇതോടകം രക്ഷപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേനയുടെ വൻ സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തകർന്ന കെട്ടിടത്തിനടുത്തേക്ക് പ്രവേശിക്കാനുള്ള മാർഗങ്ങളെല്ലാം ഇടുങ്ങിയതായത് രക്ഷപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. കെട്ടിടത്തിന് നൂറിലേറെ വർഷം പഴക്കമുണ്ട്. എട്ടിലേറെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് അനുമാനം. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടതായി പ്രദേശവാസികൾ പറയുന്നു.