ന്യൂദൽഹി- ബാലക്കോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കൊണ്ടു വന്ന വ്യോമ മേഖല നിരോധനം പാകിസ്ഥാൻ നീക്കി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമ മേഖലയിൽ കൂടി പറക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പാക് അധികൃതർ പിൻവലിച്ചത്. പുതിയ തീരുമാനം എയർ ഇന്ത്യയടക്കം ഇന്ത്യൻ വിമാനങ്ങൾക്ക് ഏറെ ആശ്വാസം പകരും. പാക് വ്യോമ മേഖല അടച്ചതോടെ ഇന്ത്യൻ വിമാനങ്ങൾ വിവിധ സെക്റ്ററുകളിലേക്ക് ദീർഘ യാത്രയായിരുന്നു നടത്തിയിരുന്നത്. വിമാനയാത്രക്ക് പാക് വ്യോമ മേഖല 12:41 ഓടെ തുറന്നുവെന്നും ഇന്ത്യൻ വിമാന കമ്പനികൾ പാക് വ്യോമ മേഖല ഉപയോഗിച്ചുള്ള സാധാരണ പാതയിലൂടെയുള്ള യാത്ര ഉടൻ തുടങ്ങുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു പി ടി ഐ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് പാകിസ്ഥാൻ തങ്ങളുടെ വ്യോമ മേഖലയിലൂടെയുള്ള ഇന്ത്യൻ വിമാനങ്ങളുടെ യാത്ര തടഞ്ഞു പ്രതികാര നടപടികളിലേക്ക് നീങ്ങിയത്. ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ബാലക്കോട്ട് ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ നടത്തിയ മിന്നൽ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പാക് നടപടി.
അതിർത്തികളിലെ ഇന്ത്യൻ പോർ വിമാനങ്ങൾ പിൻവലിക്കാതെ വ്യോമ മേഖല നിയന്ത്രണം പിൻവലിക്കില്ലെന്ന് രണ്ടു ദിവസം മുൻപ് പാക് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പൊടുന്നനെയാണ് തീരുമാനം പിൻവലിച്ചു പാക് അധികൃതർ രംഗത്തെത്തിയത്. ഇന്ത്യൻ വിമാനങ്ങൾ ചുറ്റി വളഞ്ഞു പോകുന്നതിനാൽ ഇന്ത്യൻ വിമാനകമ്പനികൾക്ക് ദിനം പ്രതി കോടികളുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.
കൂടാതെ, ഇന്ത്യന്‍ വ്യോമപാതയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനങ്ങളുടെ ആധിക്യം മൂലം അനുഭപ്പെട്ടിരുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനും ഇതോടെ ആശ്വാസമാകും. ഇന്ത്യയിൽ നിന്നും യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള പല അന്താരാഷ്ട്ര സര്‍വീസുകളെയും ഇത് ഏറെ ബാധിച്ചിരുന്നു.