ന്യൂദൽഹി- മൊബൈൽ ഫോൺ കവർ രൂപത്തിൽ സ്വർണ്ണം കടത്താനുള്ള ശ്രമം കസ്‌റ്റംസ് അധികൃതർ തകർത്തു. 42 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണമാണ് മൊബൈൽ കവർ രൂപത്തിലാക്കി കടത്താൻ ശ്രമം നടത്തിയത്. കസ്‌റ്റംസ് നടത്തിയ പരിശോധനയിൽ സ്വർണ്ണം കണ്ടെത്തിയതിനെ തുടർന്ന് ചൈനീസ് പൗരന്മാരായ യിൻഷെങ്, ഹൈപെങ് എന്നിവരെ കസ്‌റ്റംസ് പോലീസ് അറസ്‌റ്റു ചെയ്‌തു. എയർ ഇന്ത്യ വിമാനത്തിൽ ഹോങ്കോങ്ങിലേക്ക് പോകാനായിരുന്നു ഇരുവരും വിമാനത്താവളത്തിൽ എത്തിയത്. മൊബൈൽ കവർ രൂപത്തിലാക്കി മാറ്റിയ സ്വർണ്ണം തിരിച്ചറിയാതിരിക്കാനായി കറുത്ത പെയിന്റും പൂശിയിരുന്നു. പിടികൂടിയ ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
മറ്റൊരു സംഭവത്തിൽ പത്തൊൻപത് ലക്ഷം രൂപ വിലയുള്ള ചുവന്ന ചന്ദനം കടത്താനുള്ള പദ്ധതിയും കസ്‌റ്റംസ് തകർത്തു. തായി എയർവേയ്‌സിൽ ബാങ്കോങിലേക്ക് പോകാനായി എത്തിയ രാഹുൽ കുമാർ, മൈറാജുദ്ധീൻ എന്നിവരിൽ നിന്നായി 130 കിലോ ചുവന്ന ചന്ദനമാണ് പിടികൂടിയത്.