Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഐ.എ.എസുകാരുടെ കോളനിയില്‍ കോടികളുടെ സ്ഥലം കൈയേറി ക്ഷേത്രം

ന്യൂദല്‍ഹി- തലസ്ഥാനത്ത്  ഐഎഎസുകാരുടെ ഭവന സമുച്ചയത്തിനകത്ത് കോടികള്‍ വിലയുള്ള സര്‍ക്കാര്‍ സ്ഥലം കൈയേറി ക്ഷേത്രം നിര്‍മിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ്.  
നീതി ആയോഗ് പ്രിന്‍സിപ്പല്‍ അഡൈ്വസറും മോഡിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ അംഗവുമായ രത്തന്‍ പി. വത്തലാണ് ക്ഷേത്ര വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചിരിക്കുന്നത്. സൗത്ത് ദല്‍ഹിയിലെ ന്യൂ മോത്തിബാഗ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനകത്ത്് 20 മുതല്‍ 30 കോടി രൂപ വരെ മതിപ്പു വില വരുന്ന സര്‍ക്കാര്‍ സ്ഥലം കൈയേറിയതിനെതിരെ നടപടിയെടുക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് രത്തന്‍ വിത്തലിന്റെ കത്ത്. ഇവിടെ താമസക്കാരായ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കൈയേറ്റ സ്ഥലത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്ന് വത്തല്‍ ആരോപിക്കുന്നു.
    ഹൗസിംഗ് സെക്രട്ടറി ഡി.എസ് മിശ്രയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി വത്തല്‍ കത്തു നല്‍കിയിട്ടുണ്ട്. ജൂണ്‍ അവസാന വാരമാണ് വത്തല്‍ മന്ത്രാലയത്തിനും സെക്രട്ടറിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കോര്‍പറേഷന്റെ മൂക്കിന് താഴെ ഇത്തരമൊരു കൈയേറ്റം നടന്നിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് വത്തല്‍  കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്തരം നിര്‍മാണ പ്രവര്‍ത്തനം ഇവിടെ നടക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
    ഈ വിഷയത്തില്‍ വത്തലിന്റെ യഥാര്‍ഥ പ്രശ്‌നം എന്താണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കാനുള്ള ഭവന സമുച്ചയത്തില്‍ വത്തലിന് അനുവദിച്ചിരിക്കുന്ന ബംഗ്ലാവിന്റെ മുന്നിലാണ് സര്‍ക്കാര്‍ സ്ഥലം കൈയേറി ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.  
കൈയേറ്റം ഇതിനോടകം 300 ചതുരശ്രയടി വിസ്തീര്‍ണവും കവിഞ്ഞു പോയിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു. വലിയ വിഭാഗം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്നും വത്തല്‍ ആരോപിക്കുന്നു. കൈയേറ്റം നിയമപരമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
    എന്നാല്‍, സിവില്‍ സര്‍വീസുകാരുടെ ഹൗസിംഗ് കോംപ്ലക്‌സ് വരുന്നതിന് മുമ്പ് തന്നെ ക്ഷേത്രം അവിടെ ഉണ്ടായിരുന്നുവെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമാണ് കേന്ദ്ര ഹൗസിംഗ് സെക്രട്ടറി ഡി.എസ് മിശ്ര പറയുന്നത്. ഇപ്പോള്‍ വിദേശ യാത്രയിലുള്ള വത്തല്‍ തന്റെ കത്തിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കത്ത് പ്രസിദ്ധീകരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
    വത്തല്‍ കേന്ദ്രത്തിന് കത്തെഴുതുന്നതിന് മുന്‍പ് ന്യൂ മോത്തിബാഗിലെ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും ഈ കയ്യേറ്റത്തിനെതിരേ ശബ്ദം ഉയര്‍ത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. 2012 ല്‍ കോളനി ഇവിടെ സ്ഥാപിക്കുന്ന കാലം മുതല്‍ ക്ഷേത്രത്തിനായി സ്ഥലം കൈയേറിയിരുന്നു. വിഷയം കോടതിയില്‍ എത്തിയപ്പോള്‍ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് കൈയേറ്റ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വത്തല്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായും വത്തല്‍ ആരോപിക്കുന്നു.
    എന്നാല്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോളനികളില്‍ ഇത്തരം കൈയേറ്റങ്ങളും നിര്‍മാണങ്ങളും പതിവാണെന്നാണ് ഇവിടെ താമസിക്കുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

 

Latest News