ലഖ്‌നൗ- ചരക്ക് സേവന നികുതി സംബന്ധിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് സ്‌പെഷൽ ക്ലാസ് സംഘടിപ്പിച്ചെങ്കിലും കൂട്ടത്തിലൊരു മോശം വിദ്യാർഥി അദ്ദേഹത്തെ പറയിച്ചു.
ജി.എസ്.ടിയുടെ പൂർണരൂപം പറയാനാകാതെ പട്ടികജാതി, വർഗ മന്ത്രി രമാപതി ശാസ്ത്രി കുഴങ്ങിയപ്പോൾ അത് ആദിത്യനാഥ് സർക്കാരിന് നാണക്കേടായി.
പ്രാദേശിക വ്യവസായികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ നട്ടംതിരിയൽ. ജിഎസ്ടിയുടെ ഗുണവും നേട്ടങ്ങളും സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ചയിലെ സംഭാഷണങ്ങൾ. പക്ഷേ, യോഗത്തിനിടെ മന്ത്രി പൂർണരൂപം കണ്ടെത്താൻ കഴിയാതെ കുഴങ്ങി. തനിക്ക് ജിഎസ്ടിയുടെ പൂർണരൂപം അറിയാമെന്നും ഇപ്പോൾ ഓർമ വരുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അടുത്തുനിന്നിരുന്ന സഹായികൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞുകൊടുത്തെങ്കിലം വെപ്രാളത്തിൽ മന്ത്രി അത് കേട്ടതുമില്ല.
ചരക്ക് സേവന നികുതിയെക്കുറിച്ച് മന്ത്രിമാരെ ബോധവൽക്കരിക്കാൻ മുഖ്യമന്ത്രി രണ്ടു ദിവസം മുമ്പ് ശിൽപശാല സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷം ഓരോ ജില്ലയിലും ബോധവത്കരണം നടത്താൻ മന്ത്രിമാരെ നിയോഗിച്ചു. മഹാരാജ്ഗഞ്ജ് ജില്ലയുടെ ചുമതലയാണ് രമാപതി ശാസ്ത്രിക്കു ലഭിച്ചത്. ഇത്തരത്തിൽ യോഗത്തിൽ സംസാരിക്കവേയാണ് ജിഎസ്ടിയുടെ പൂർണരൂപമറിയാതെ മന്ത്രി വിയർത്തതും സമൂഹ മാധ്യമങ്ങൾ ആഘോഷിച്ചതും.