റാഖ (സിറിയ)-ഐ.എസിന്റെ പരാജയത്തിനു ശേഷവും സിറിയയിൽ സായുധ സംഘർഷം അവസാനിക്കില്ല. ബശാറുൽ അസദിന്റെ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്കു പുറമെ, ഇപ്പോൾ ഐ.എസിനെതിരായ പോരാട്ടത്തിനായി ആയുധങ്ങൾ ലഭിച്ച വിഭാഗങ്ങൾ പുതിയ പോരാട്ട മുഖം തുറക്കും.
ഐ.എസ് ഭീകരരെ തുരത്താൻ സിറിയൻ കുർദുകൾക്ക് ആയുധം നൽകുകയെന്ന നയമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈക്കൊണ്ടത്.
ഇങ്ങനെ എ.കെ 47 തോക്കുമായി രംഗത്തിറങ്ങിയ കുർദ് യുവതി ഷീൻ ഇബ്രാഹിം പോരാട്ട മുഖത്ത് കൈവരിച്ച നേട്ടങ്ങൾ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 15 ാം വയസ്സിൽ സഹോദരനാണ് ഷീൻ ഇബ്രാഹിമിനെ യന്ത്രത്തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത്. സിറിയൻ കുർദ് സ്വയംഭരണത്തിനുവേണ്ടി പോരാടാൻ മാതാവ് പ്രോത്സാഹനം നൽകി. സിറിയയിൽ ആഭ്യന്തര യുദ്ധം ആറു വർഷം പിന്നിടുമ്പോൾ ആയുധമെടുത്ത ശേഷം താൻ 50 പേരെ കൊലപ്പെടുത്തിയെന്ന് ഷീൻ പറയുന്നു. ആദ്യം അൽഖാഇദക്കെതിരെ ആയിരുന്നു പോരാട്ടം. തുടർന്ന് ഐ.എസിനെതിരായ പോരാട്ടത്തിൽ കുർദുകളെ സഹായിക്കാൻ ഇറാഖിലേക്ക് കടന്നു.
ഇപ്പോൾ 26 വയസ്സായ ഷീൻ സിറിയയിൽ ഐ.എസുകാരുടെ ആസ്ഥാനമായ റാഖയിൽ അവർക്കെതിരെ ആയുധമെടുത്ത 15 പേരടങ്ങുന്ന വനിതാ യൂനിറ്റിന് നേതൃത്വം നൽകുന്നു. ഭീകരർ കൈയടക്കിയിരുന്ന തെരുവുകൾ ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ്. ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ കണ്ടെത്താനുള്ള പരിശോധന തടരുന്നു.
അമേരിക്കൻ പിന്തുണയുള്ള സിറിയൻ ജനാധിപത്യസേന (എസ്.ഡി.എഫ്) സിറിയൻ കുർദ് വൈ.പി.ജി സായുധ സംഘത്തെ മുന്നിൽനിർത്തിയാണ് വടക്കൻ സിറിയൻ പട്ടണമായ റാഖയുടെ പല ഭാഗങ്ങളും പിടിച്ചത്. ഐ.എസിൽനിന്ന് പട്ടണം പിടിക്കാൻ ജൂൺ ആദ്യമാണ് പോരാട്ടം ശക്തമായത്.
ഭാവിയിലും ഐ.എസിനെതിരായ പോരാട്ടത്തിൽ എസ്.ഡി.എഫിന് ആയുധം നൽകുമെങ്കിലും ആവശ്യമില്ലാത്ത ആയുധങ്ങൾ തിരിച്ചെടുക്കുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഈയാഴ്ച വ്യക്തമാക്കിയിരുന്നത്. സിറിയൻ സ്ഥിരതക്കായുള്ള പദ്ധതിക്ക് ഇനിയും അന്തിമ രൂപം നൽകാൻ യു.എസ്. സർക്കാറിന് സാധിച്ചിട്ടില്ല.
അമേരിക്കയുടെ വൈ.പി.ജി ബന്ധം അയൽരാജ്യമായ തുർക്കിയെ പ്രകോപിപ്പിക്കുന്നതാണ്. ഭീകര സംഘടനയായ കുർദിഷ് വർക്കേഴ്‌സ് പാർട്ടിയുടെ ഘടകമായാണ് നാറ്റോ അംഗം കൂടിയായ തുർക്കി വൈ.പി.ജിയെ കാണുന്നത്.
തുർക്കിയെ പോലെ അമേരിക്കയും ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് പി.കെ.കെ.
തുർക്കി സിറിയയിലേക്ക് സൈന്യത്തെ അയച്ചത് ഐ.എസിനെതിരെ പോരാടുന്നതോടൊപ്പം വൈ.പി.ജിയെ ചെറുക്കുന്നതിനു കൂടിയാണ്. വടക്കൻ സിറിയയിൽ കുർദുകൾ കൂടുതലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം വൈ.പി.ജിയുടെ കൈയിലാണ്.
തുർക്കി പിന്തുണയുള്ള പ്രദേശിക സേനക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് വൈ.പി.ജി താവളങ്ങൾ തകർത്തതായി ബുധനാഴ്ച തുർക്കി അവകാശപ്പെട്ടിരുന്നു.
തുർക്കി അടുത്ത ദിവസങ്ങളിലായി സിറിയയിലേക്ക് കൂടുതൽ സൈനികരെ അയച്ചത് വൈ.പി.ജി സേനയെ തുരത്താനാണെന്ന് എസ്.ഡി.എഫ് കരുതുന്നുണ്ട്. തുറന്ന ഏറ്റുമുട്ടൽ ആരംഭിക്കുമെന്നാണ് തുർക്കിക്ക് എസ്.ഡി.എഫ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇറാഖിലെ കുർദുകൾക്ക് ലഭിച്ചതു പോലെ സിറിയയിലും സ്വയം ഭരണം വേണമെന്നാണ് കുർദ് നേതാക്കൾ ആവശ്യപ്പെടുന്നത്.
തങ്ങൾ ഭീകരരല്ലെങ്കിലും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനെതിരെ ആയുധമെടുക്കുമെന്നാണ് റോയിട്ടേഴ്‌സ് അഭിമുഖം നടത്തിയ ഷീൻ ഇബ്രാഹിമും മറ്റു പോരാളികളും വ്യക്തമാക്കിയത്. ആരെങ്കിലും ഞങ്ങളോട് ഏറ്റുമുട്ടാൻ വന്നാൽ ഞങ്ങളും പൊരുതും -ഷീൻ പറഞ്ഞു.
വൈ.പി.ജിയുമായുള്ള അമേരിക്കൻ ബന്ധത്തെ തുടർന്ന് തുർക്കിയുമായി ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാൽ വൈ.പി.ജിയെ നിരായുധീകരിക്കുക എളുപ്പമല്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഉർദുഗാൻ തങ്ങളുടെ ഏറ്റവും വലിയ ശത്രുവാണെന്നും അതുകൊണ്ട് തന്നെ ആയുധങ്ങൾ തിരികെ നൽകുന്ന പ്രശ്‌നമില്ലെന്നുമാണ് സായുധ പോരാളികളുടെ നിലപാട്. വൈ.പി.ജിയുടെ പക്കൽ എത്രമാത്രം ആയുധങ്ങളുണ്ടെന്ന് അമേരിക്കയുടെ വശം കണക്കില്ല. യുദ്ധമുഖത്ത് പരാജയപ്പെട്ടപ്പോഴാണ് അമേരിക്ക കണക്കില്ലാതെ അവർക്ക് ആയുധങ്ങൾ എത്തിച്ചത്.






