ലഖ്നൗ- ഉത്തര്‍പ്രദേശില്‍ കന്നുകാലി അഭയകേന്ദ്രങ്ങളില്‍ പശു മരണങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സസ്‌പെന്‍ഷനിലായവരില്‍ മിര്‍സാപൂരിലെ ചീഫ് വെറ്ററിനറി ഓഫീസറും അയോധ്യയിലെ മറ്റ് മൂന്ന് സര്‍ക്കാര്‍ വെറ്ററിനറി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പശു ഷെഡുകള്‍ പരിപാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് കര്‍ശന മുന്നറിയിപ്പ് നല്‍കി.
അയോധ്യയിലെയും പ്രതാപ്ഗഡിലെയും ഷെല്‍ട്ടറുകളില്‍ ശനിയാഴ്ച 36 പശുക്കളും പ്രയാഗ് രാജില്‍ വെള്ളിയാഴ്ച 35 കന്നുകാലികളും ചത്തിരുന്നു. തുടര്‍ന്ന് 75 ജില്ലാ മജിസ്ട്രേറ്റുമാരുമായി മുഖ്യമന്ത്രി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പശുമരണം തുടര്‍ന്നാല്‍ ഉടന്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കറവ വറ്റിയ പശുക്കളെ റോഡില്‍ ഉപേക്ഷിക്കുന്നവര്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരുവുകളില്‍ കന്നുകാലി പ്രശ്‌നം തുടര്‍ന്നാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ലഖ്‌നൗവിലെ സിവില്‍ അധികൃതര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.
അയോധ്യ അഭയകേന്ദ്രത്തില്‍നിന്നുള്ള പശുക്കള്‍ ചതുപ്പുനിലങ്ങളില്‍ ചത്തുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രനഗരത്തില്‍ സന്യാസിമാരില്‍നിന്നും മറ്റും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ ജില്ലയില്‍ പശു മരണത്തിന് കാരണമായ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ മിര്‍സാപുര്‍ കമ്മീഷണറോടും ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പശുക്കളുടെ മരണം അന്വേഷിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് അറിയിക്കാനും പ്രയാഗ് രാജ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു.
കന്നുകാലികള്‍ വിളകള്‍ നശിപ്പിക്കുന്നതിനെതിരെ കര്‍ഷകരും റോഡുകളില്‍ ശല്യമായതിനെ തുടര്‍ന്ന് നാട്ടുകാരും രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ സംരക്ഷിക്കുന്നതിന് പുതിയ അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടത്.
സ്‌കൂള്‍ കാമ്പസുകളില്‍ പശുക്കള്‍ കയറിയാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.