മുംബൈ- വിലക്കുറവുള്ള നാല് ഐഫോണ്‍ മോഡലുകളുടെ വില്‍പന ഇന്ത്യയില്‍ ആപ്പിള്‍ നിര്‍ത്തി. ഇതോടെ ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ 8000 രൂപ അധികം നല്‍കേണ്ടി വരും.
ബിസിനസ് വോള്യം കൂട്ടുന്നതിനേക്കാള്‍ ഗുണമേന്മക്ക് പ്രധാന്യം നല്‍കുകയെന്ന നയത്തിന്റെ ഭാഗമായാണ് നാല് പഴയ മോഡലുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നത്.
ഐഫോണ്‍ എസ്.ഇ, സിക്‌സ്, സിക്‌സ് പ്ലസ്, സിക്‌സ് എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് നിര്‍ത്തിയത്.
ഈ മോഡലുകളുടെ വിതരണം കഴിഞ്ഞ മാസം തന്നെ നിര്‍ത്തിയിരുന്നുവെന്ന് ആപ്പിള്‍ സെയില്‍സ് ടീം പറയുന്നു. ഏറ്റവും വില കുറഞ്ഞ മോഡല്‍ ഐഫോണ്‍ സിക്‌സ് എസ് ആയിരിക്കുമെന്ന് വ്യാപാരികളെ അറിയിച്ചിരുന്നു.
സിക്‌സ് എസ് നിലവില്‍ 29,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ, എസ്.ഇ മോഡല്‍ 21,000-22000 രൂപയ്ക്ക് ലഭിച്ചിരുന്നു.