ശ്രീഹരിക്കോട്ട- ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അവസാന നിമിഷം മാറ്റി വെച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ച 2.51നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചാന്ദ്രയാന്‍ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വെക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോടു നിര്‍ദേശിക്കുകയായിരുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാന്ദ്രയാന്‍ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്. സാങ്കേതിക തകരാറെന്താണെന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും അതീവ മുന്‍കരുതരലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിയത്.
2019 ജനുവരിയില്‍ വിക്ഷേപണം നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. കൂടുതല്‍ കൃത്യത ഉറപ്പാക്കാനാണ് നീട്ടിവെച്ചിരുന്നത്. തുടര്‍ന്ന് ഏപ്രിലില്‍ നിശ്ചയിച്ച വിക്ഷേപണം ഇസ്രയേലിന്റെ ചന്ദ്രനിലേക്കുള്ള വിക്ഷേപണം പരാജയപ്പെട്ടതോടെ ജൂലൈയില്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കും വിധമായിരുന്നു ഐ.എസ്.ആര്‍.ഒ പദ്ധതിയിട്ടിരുന്നത്.