നാഗ്‌പൂർ- മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തി വഴിയിൽ തള്ളി. പത്തൊൻപതുകാരിയായ മോഡലിംഗ് യുവതിയാണ് കാമുകന്റെ സംശയത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തിയതായി സമീപ വാസികൾ അറിയിച്ചതിനെ തുടർന്നു പോലീസെത്തിയാണ് മൃതദേഹം നീക്കിയത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഖുശി പരിഹാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. തുടർ അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കാമുകൻ അഷ്‌റഫ് ശൈഖിനെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ശനിയാഴ്ച്ച രാവിലെയാണ് പന്ദുർണ്ണ-നാഗ്‌പൂർ ഹൈവേയിൽ യുവതിയുടെ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സോഷ്യൽ മീഡിയ വഴി പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഖുശി പരിഹാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രാദേശിക ഫാഷൻ ഷോയിൽ പങ്കെടുത്ത യുവതി മോഡലിംഗ് രംഗത്തേക്ക് ചേക്കേറാനായിരുന്നു ആഗ്രഹിച്ചിരുന്നത്. അഷ്‌റഫുമായി അടുത്ത യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കാറിൽ പോകുന്നതിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും ആക്രമണത്തിൽ യുവതിയുടെ തല തകർത്താണ് കൊലപാതകം നടത്തിയതെന്നു യുവാവ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് മൃതദേഹം ഹൈവേക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. പത്തു ദിവസത്തിനുളിൽ ഇരുവരും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി ഫ്‌ളാറ്റും മറ്റും വാടകക്കെടുത്തിരുന്നുവെന്നും യുവാവ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഒരു കാറും മൊബൈലും യുവാവ് പ്രണയിനിക്ക് സമ്മാനമായി നൽകുകയും ചെയ്‌തിരുന്നു.