ഒ.സി.ഐ കാര്‍ഡുള്ള ഇന്ത്യന്‍ വശംജര്‍ക്കും വിസ ആവശ്യമില്ല
ദിവസം 5000 തീര്‍ഥാടകരെ അനുവദിക്കും
ന്യൂദല്‍ഹി-ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരേയും ഒസിഐ കാര്‍ഡ് ഉടമകളേയും വിസയില്ലാതെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തത്വത്തില്‍ സമ്മതിച്ചു.
കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള തീര്‍ഥാടനം സംബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വ്യക്തികളായും ഗ്രൂപ്പുകളായും ദിവസം 5000 തീര്‍ഥാടകരെ കാല്‍നടയായി അനുവദിക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ ജോയന്റ് സെക്രട്ടറി എസ്.സി.എല്‍. ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുരുദ്വാര കര്‍താര്‍പുര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ കുറഞ്ഞത് 5000 തീര്‍ഥാടകരെ അനുവദിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യന്‍ പൗരന്മാരെ മാത്രമല്ല, ഒസിഐ കാര്‍ഡുകള്‍ കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്കും (പിഐഒകള്‍) ഇടനാഴി തുറന്നുകൊടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക അവസരങ്ങളില്‍ 10,000 അധിക തീര്‍ഥാടകരെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചിരുന്നു.
അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച പാക്കിസ്ഥാന്‍, ഇന്ത്യന്‍ നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാന്‍ നിര്‍മിക്കുന്ന റോഡുകളുടേയോ കോസ്‌വേയുടേയോ ഫലമായി ഇന്ത്യയില്‍ ദേരാ ബാബ നാനാക്കിലും പരിസരപ്രദേശങ്ങളിലും പ്രളയത്തിനുള്ള സാധ്യത പാക്കിസ്ഥാന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി.
ഇന്ത്യ നിര്‍മിക്കുന്ന പാലത്തിന്റെ വിശദാംശങ്ങള്‍ പാക്കിസ്ഥാന് കൈമാറുകയും പാക്കിസ്ഥാനിലും പാലം നിര്‍മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതുവഴി വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ കഴിയുമെന്നും ഇന്ത്യ അറിയിച്ചു. പാലം പണിയാന്‍ പാക്കിസ്ഥാന്‍ തത്വത്തില്‍ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കര്‍താര്‍പുര്‍ സാഹിബ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട 80 ശതമാനം വ്യവസ്ഥകളും ഇരു രാജ്യങ്ങളും അംഗീകരിച്ചതായും ബാക്കി വിഷയങ്ങള്‍ അടുത്ത യോഗം ചര്‍ച്ച ചെയ്യുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
പാലം നിര്‍മാണം അവശേഷിക്കുന്നതിനാല്‍ ഗുരു നാനാക് ദേവ് ജിയുടെ 550 ാം ജന്മവാര്‍ഷികത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2019 നവംബറില്‍ തന്നെ ഇടനാഴി തുറക്കുന്നതിന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും പാക്കിസ്ഥാന്‍ ഉറപ്പു നല്‍കി.