Sorry, you need to enable JavaScript to visit this website.

ടിക് ടോക് വിഡിയോ എടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു- ടിക് ടോകില്‍ പോസ്റ്റ് ചെയ്യുന്നതിന് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരപതുകാരി കുളത്തില്‍ മുങ്ങിമരിച്ചു. ബംഗളൂരുവില്‍നിന്ന് 75 കി.മി അകലെ  കോലാര്‍ ജില്ലയിലെ കൃഷിയിടത്തിലാണ് സംഭവം.
അവസാന വര്‍ഷ ബി.എ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ് മരിച്ചത്. കോലാര്‍ ജില്ലയിലെ വേദഗിരിയില്‍ ഒരു സിനിമയിലെ രംഗം സെല്‍ഫിയിലൂടെ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സല്‍ഫി പോസ്റ്റ് ചെയ്യുന്നതില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന മാല കൃഷിയിടത്തിലെ  കുളത്തിലാണ് മുങ്ങിമരിച്ചത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ മാതാപിതാക്കള്‍ പോലീസിനെ അറിയിക്കാതെ സംസ്‌കരിച്ചിരുന്നു. പിന്നാലെ പോലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
ഏതാണ്ട് 30 അടി വീതിയും 30 അടി നീളവുമുളളതാണ് കുളം. ഇതിന് സംരക്ഷണഭിത്തിയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വിഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് പിതാവ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഒരു സിനിമാ രംഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്നുവെന്നും ഈയിടെ 10,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളേജിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനിടെ വിഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെ അപകടങ്ങള്‍ ഇതാദ്യമല്ല. നിരവധി മരണങ്ങള്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി പിറകോട്ട് മറിഞ്ഞ യുവാവ് നട്ടെല്ല് പൊട്ടി കഴിഞ്ഞ മാസം തുംകൂരില്‍ മരിച്ചിരുന്നു.

 

Latest News