ബംഗളൂരു- കര്‍ണാടകയില്‍ ആര്‍.എസ്.എസിനും എ.ബി.വി.പിക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന കോളേജ് ലക്ചറര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ലിസ്റ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിവാദത്തില്‍. പാര്‍ട്ടിയുടെ കര്‍ണാടക ചുമതല വഹിക്കുന്ന അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് എ.ബി.വി.പി പ്രചാരണം ശക്തമാക്കി.
ആര്‍.എസ്.എസിനേയും എ.ബി.വി.പിയേയും ശക്തിപ്പെടുത്താന്‍ ക്ലാസ് മുറികളെ ഉപയോഗപ്പെടുത്തുന്ന ലക്ചറര്‍മാരെ കുറിച്ച് പരാതി ലഭിച്ചപ്പോള്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളാണ് ആരാഞ്ഞതെന്ന് വേണുഗോപാല്‍ വിശദീകരിക്കുന്നു. കാമ്പസുകളില്‍ ക്ലാസെടുക്കുമ്പോള്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്ന് നിയമവിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ യോഗത്തിലാണ് സംഭവം. ചില കോളേജുകളില്‍ പ്രവേശിക്കാന്‍ പോലും സാധ്യമല്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ വേണുഗോപാലിനോട് പരാതിപ്പെട്ടിരുന്നു. ആര്‍.എസ്.എസ്, എ.ബി.വി.പി പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ചില കോളേജുകളെന്നും അവര്‍ പറഞ്ഞു.
ഇത്തരം അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ വിശദാശംങ്ങള്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസുകാരനാണെങ്കിലും വേണുഗോപാല്‍ കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍ പെട്ടിരിക്കയാണെന്ന് എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്‌രെ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കാമ്പസില്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നും അധ്യാപകരുടെ വിവരങ്ങള്‍ വേണമെങ്കില്‍ എ.ബി.വി.പി ഓഫീസില്‍ വന്നാല്‍ മതിയെന്നും വിനയ് പറഞ്ഞു.
സംഭവത്തിന് ബി.ജെ.പി നേതാക്കള്‍ വന്‍പ്രചാരണമാണ് നല്‍കുന്നത്.
മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്ദ്യൂരപ്പയുടെ ഓഫീസാണ് ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ട്വിറ്ററില്‍ നല്‍കിയത്.