Sorry, you need to enable JavaScript to visit this website.

ലണ്ടന്‍ വിമാനത്താവളം നിശ്ചലമാവും

ലണ്ടന്‍-ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളം അടച്ചുപൂട്ടല്‍ അവസ്ഥയിലേയ്ക്ക്. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും അധികൃതരും തമ്മില്‍ വേതന വര്‍ദ്ധനവിനെ സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാ മേഖലകളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജൂലൈ 26, 27, ഓഗസ്റ്റ് 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താന്‍ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനല്‍ക്കാല യാത്രയെ ബാധിക്കും.
ജീവനക്കാരുടെ സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയന്‍ റീജിയണല്‍ കോര്‍ഡിനേറ്റിംഗ് ഓഫീസര്‍വെയ്ന്‍ കിങ് പറഞ്ഞു. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാന്‍ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേതന വര്‍ദ്ധനവിനെ സംബന്ധിക്കുന്ന ചര്‍ച്ചയ്ക്കായി യൂണിയന്‍ നേതാക്കളെ എയര്‍പോര്‍ട്ട് അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോള്‍ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസ വേതനം. ഇത് 4.6 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന ഉറപ്പ് എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു. സമരം ഒത്തുതീര്‍ക്കാനുള്ള നടപടികള്‍ക്കു ശ്രമിക്കുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.

Latest News