ന്യൂദല്‍ഹി- കൂടെ ജോലി ചെയ്യുന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് ദല്‍ഹി ഹൈക്കോടതി അരലക്ഷം രൂപ പിഴ വിധിച്ചു. കോടതി ചെലവ് സഹിതം ഹരജി തള്ളിയ ജഡ്ജി ജെ.ആര്‍.മിധ തുക ദല്‍ഹി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു.
സ്ഥാപനത്തിലെ ആഭ്യന്തര പരാതി സമിതി (ഐ.സി.സി) പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടും പീഡിപ്പിച്ചയാള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2011 ല്‍ തന്നെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് രൂപീകരിച്ച സമിതി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്‍ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു.
പരാതിക്കാരിയുടെ അഭാവത്തില്‍ ചില ഔദ്യോഗിക ജോലികള്‍ നിര്‍വഹിച്ചതിലുള്ള പകയാണ് പരാതിക്ക് കാരണമെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ അന്വേഷണ സമതി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. വ്യാജ പരാതി നല്‍കിയതിന് യുവതിക്കെതിരെ സ്ഥാപനത്തിന് നടപടി കൈക്കൊള്ളാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.