ചണ്ഡീഗഢ്- മൂന്നു വർഷത്തിനുളിൽ പഞ്ചാബിലെ ഏറ്റവും വലിയ പാർട്ടിയാകുമെന്ന പ്രഖ്യാപനവുമായി ബി ജെ പി. ഇതിനുള്ള നീക്കങ്ങളുമായാണ് ബി ജെ പി പഞ്ചാബിൽ പ്രവർത്തന പദ്ധതികൾ തയ്യാറാക്കുന്നത്. നിലവിൽ ശിരോമണി അകാലിദളുമായി സഖ്യത്തിലേർപ്പെട്ടു പ്രവർത്തിക്കുന്ന ബി ജെ പി നിലവിലെ 23 ലക്ഷം പ്രവർത്തകരിൽ നിന്നും 50 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബി ജെ പി, ശിരോമണി അകാലിദൾ വെവ്വേറെ മെമ്പർഷിപ്പ് ക്യാംപയിനാണ് നടത്തുന്നത്. ഇതിനകം തന്നെ ബി ജെ പി അംഗത്വ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. നാല് ദിനം കൊണ്ട് 1.25 ലക്ഷം മെമ്പർഷിപ്പ് വിതരണം ചെയ്‌തു കഴിഞ്ഞു. 2022 ഓടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം കൈക്കലാക്കലാണ് ലക്ഷ്യമെന്നു സംസ്ഥാന ബി ജെ പി പ്രസിഡന്റ് ഷുവൈത് മല്ലിക് പറഞ്ഞു.
അതേസമയം, ഇവിടെ സഖ്യത്തിലേർപ്പെട്ട ശിരോമണി അകാലിദളുമായി ബി ജെ പി കൂടുതൽ കാലം മുന്നോട്ടു പോകുകയില്ലെന്നും അതിനു മുൻപ് തന്നെ ബി ജെ പി തനിച്ച് മുന്നേറാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മോശം പ്രകടനം കാഴ്ച്ച വെക്കുന്ന ശിരോമണി അകാലിദൾ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് മാത്രമാണ് നേടിയത്. ഇവിടെ ആം ആദ്‌മി പാർട്ടി 20 സീറ്റ് നേടിയിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ 10 സീറ്റിൽ മത്സരിച്ചെങ്കിലും 20 സീറ്റുകളിൽ മാത്രമാണ് വിജയം നേടിയത്. എന്നാൽ വെറും മൂന്നു സീറ്റിൽ മത്സരിച്ച ബി ജെ പി രണ്ടു സീറ്റുകളിൽ വിജയം നേടിയിരുന്നു. നിലവിൽ കോൺഗ്രസിന്റെ സ്വന്തം കോട്ടയാണ് പഞ്ചാബ്. ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടു സീറ്റിലും അകാലിദൾ സഖ്യം നാല് സീറ്റിലും ആം ആദ്‌മി പാർട്ടി ഒരു സീറ്റിലുമാണ് വിജയിച്ചത്.