കൊൽക്കത്ത- രാഷ്‌ട്രീയ നാടകങ്ങൾ അരങ്ങേറുന്ന പശ്ചിമ ബംഗാളിൽ പാർട്ടി വിട്ടു ബി ജെ പിയിൽ ചേക്കേറിയ കൗൺസിലർമാർ പാർട്ടിയിലേക്ക് തന്നെ തിരിച്ചു വന്നതായി തൃണമൂൽ കോൺഗ്രസ് നേതൃത്വം. 107 എം എൽ എ മാർ അടക്കം നിരവധി കൗൺസിലർമാരും ബി ജെ പിയിലേക്ക് വന്നുവെന്ന ബി ജെ പി നേതാവ് മുകുൾ റോയിയുടെ പ്രസ്‌താവനക്കു മറുപടിയുമായാണ് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്‌സഭാ നേതാവുമായ അഭിഷേക് ബാനർജി എം പി രംഗത്തെത്തിയത്. ബി ജെ പി യുടെ അവകാശ വാദം തളളിയ തൃണമൂൽ നേതാവ് നേരത്തെ ബി ജെ പിയിലേക്ക് പോയ നിരവധി കൗൺസിലർമാർ തെറ്റുകൾ മനസിലാക്കി പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തിയെന്നും ബംഗാൾ രാഷ്‌ട്രീയത്തിലെ ചാണക്യനെന്ന് അവകാശപ്പെടുന്ന മുകുൾ റോയിക്ക് കാര്യങ്ങൾ തെറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ചാണക്യനെ ചൈനീസ് നിർമ്മിത ചാണക്യൻ എന്ന് വിശേഷിപ്പിക്കണമെന്നും അഭിഷേക് ബാനർജി പരിഹസിച്ചു. മുകുൾ റോയി അവകാശപ്പെട്ട മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരിൽ 22 പേർ തൃണമൂൽ അംഗങ്ങളായി ഇപ്പോൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി യിലേക്ക് പോയ കൗൺസിലർമാരിൽ 17 പേർ നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. അഞ്ചു പേർ ശനിയാഴ്‌ചയും തിരിച്ചെത്തിയതായാലും അദ്ദേഹം അറിയിച്ചു.