Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൽഹിയിൽ റബ്ബർ ഫാക്റ്ററിക്ക് തീപിടിച്ചു മൂന്നു പേർ മരിച്ചു

ന്യൂദൽഹി- ദൽഹിയിൽ  റബ്ബർ ഫാക്റ്ററിയിൽ നടന്ന തീപിടുത്തത്തിൽ രണ്ടു സ്‌ത്രീകളടക്കം മൂന്നു പേർ മരിച്ചു. ദൽഹിയുടെ വടക്കു കിഴക്ക് ഭാഗത്തെ ജിൽമിൽ ഇൻഡസ്‌ട്രിയൽ മേഖലയിലെ നിർമ്മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. റബറിനു തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ കനത്ത തീയണക്കാൻ രണ്ടു മണിക്കൂറിലധികം നേരത്തെ കഠിന ശ്രമം വേണ്ടി വന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 26 അഗ്നിശമന സേന യൂണിറ്റുകൾ ഏറെ ശ്രമകരമായാണ് തീയണച്ചത്. തീപിടുത്ത മേഖലയിലേക്കുള്ള വഴി ഇടുങ്ങിയത് ഏറെ ആശങ്കക്കിടയാക്കിയെങ്കിലും അഗ്നിശമ സേന വാഹനങ്ങൾ സംഭവ സ്ഥലത്തെത്തിച്ചേർന്നു രണ്ടു മണിക്കൂറിലധികം സമയം കഠിന ശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 
        പ്ലാസ്റ്റിക്, റബ്ബർ എന്നിവ ഉപയോഗിച്ച് വീട്ടുപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്റ്ററിക്കാണ് തീപിടിച്ചത്. തീപിടുത്ത കാരണം  വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു. സമാനമായ സംഭവം നേരത്തെയും ഈ മേഖലയിൽ  ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഉണ്ടായ തീപിടുത്തത്തിൽ പത്ത് സ്‌ത്രീകളും ഏഴു പുരുഷന്മാരുമടക്കം 17 പേരാണ് അന്ന് മരിച്ചത്. ഇടുങ്ങിയ വഴികളും അശാസ്‌ത്രീയമായ നിർമ്മാണവുമാണ് അപകടങ്ങൾ ഉണ്ടാകുവാനും അപകടം ഉണ്ടായാൽ തന്നെ എളുപ്പത്തിൽ രക്ഷാ പ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാനും സാധിക്കാതെ പോകുന്നത്. ഇതാണ് പലപ്പോഴും മരണ നിരക്ക് കൂടാൻ കാരണം. സംസ്ഥാന മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ സംഭവ സ്ഥലം സന്ദർശിച്ചു മരണപ്പെട്ടവർക്ക് അഞ്ചു ലക്ഷം വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം, തീപിടുത്തത്തിൽ മരിച്ച 46 കാരിയായ സംഗീതയെന്ന യുവതി ശാരീരിക ക്ഷീണം മൂലം അന്നെ ദിവസം അവധിയെടുക്കാനായി തീരുമാനിച്ചതായിരുന്നു. എന്നാൽ, രണ്ടു ദിവസത്തെ ശമ്പളം തടയപ്പെടുമെന്നതിനാൽ അവശത മറന്നു ജോലിക്കായി പോകുകയായിരുന്നുവെന്നു സംഗീതയുടെ മകൻ സണ്ണി കുമാർ പറഞ്ഞു. 

Latest News