ജയ്‌പൂർ- ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥയായ ഇന്ത്യയിൽ ഇന്ന് മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്‌തു. രാജസ്ഥാനിൽ നിന്നാണ് ഇന്ന് ആൾക്കൂട്ട കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ രാജസമന്ദ് ജില്ലയിൽ ഒരു കേസന്വേഷണവുമായി എത്തിയ പോലീസ് പോലീസ് കോണ്‍സ്റ്റബിളാണ് കൊലപാതകത്തിനിരയായത്. ഭീം പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിൾ കുൻവാരിയ സ്വദേശി അബ്ദുൾ ഗനി (48) ആണു അക്രമികളുടെ കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷിക്കുന്നതിനായാണ് അബ്ദുൾ ഗനി സ്ഥലത്തെത്തിയത്. എന്നാൽ, ഇതിനിടെ തർക്കം ഉടലെടുക്കുകയും നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തിരിച്ചു പോകാനായി ബൈക്കിൽ കയറിയ ഇദ്ദേഹത്തെ അഞ്ചംഗ സംഘം വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് സൂപ്രണ്ടന്റ് ഭുവൻ ഭുൻഷൻ പറഞ്ഞു. ആക്രമണത്തെ തുടർന്ന് നിലത്തുവീണ ഉദ്യോഗസ്ഥനെ പ്രദേശത്തെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികളിൽ ചിലരെ അറസ്റ്റ് ചെയ്‌തതായാണ് സൂചന.