മൊഗാദിഷു- സോമാലിയയില്‍ വി.ഐ.പികള്‍ താമസിക്കുന്ന ഹോട്ടലില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ കനേഡിയന്‍ -സോമാലി മാധ്യമ പ്രവര്‍ത്തകയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പ്രത്യേക സേനക്ക് ഹോട്ടലില്‍ സായുധ സംഘത്തെ വകവരുത്താനായത്. ദക്ഷിണ തുറമുഖ നഗരമായ കിസ്‌മോയവിലാണ് വെള്ളിയാഴ്ച വൈകിട്ട് ആക്രമണം ആരംഭിച്ചത്. മൂന്ന് കെനിയക്കാരും രണ്ട് അമേരിക്കക്കാരും ഒരു ബ്രിട്ടീഷ് പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് ചൈനക്കാരടക്കം 56 പേര്‍ക്ക് പരിക്കേറ്റതായും കിസ്മായോ നിയന്ത്രിക്കുന്ന ജൂബാലാന്‍ഡ് റീജ്യണല്‍ സ്റ്റേറ്റ് പ്രസിഡന്റ് മദോബ് ഇസ്ലാം പറഞ്ഞു.
രാഷ്ട്രീയക്കാരും വിദേശികളും ജനപ്രതിനിധികളും തങ്ങാറുള്ള അസാസെ ഹോട്ടലിലേക്ക് നാല് അല്‍ശബാബ് ഭീകരരാണ് അതിക്രമിച്ച് കയറിയത്. ചാവേര്‍ ആക്രമണത്തില്‍ പ്രവേശന കവാടം തകര്‍ത്താണ് ഭീകരര്‍ക്ക് അകത്തേക്ക് കയറാന്‍ വഴിയൊരുക്കിയത്. 12 മണിക്കൂറിനുശേഷമാണ് നാല് അക്രമികളേയും സൈന്യം കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ അബ്ദിഖാദിര്‍ നൂര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ശബാബ് ഏറ്റെടുത്തു.
കനേഡിയന്‍ മാധ്യമ പ്രവര്‍ത്തക ഹോദന്‍ നലയേഹും ഇവരുടെ ഭര്‍ത്താവ് ഫരീദ് ജമാ സുലൈമാനും ആക്രമണത്തില്‍ മരിച്ചതായി മൊഗാദിഷുവിലെ റോഡിയോ നിലയം റേഡിയോ സലാം സ്ഥിരീകരിച്ചു.