ചൂല് പിടിക്കാന്‍ അറിയാത്ത ഹേമമാലിനി; നാണക്കേടായി സ്വച്ഛ്ഭാരത് പ്രകടനം-video

ന്യൂദല്‍ഹി- പാര്‍ലമെന്റിന് മുന്നില്‍ ബി.ജെ.പി മന്ത്രിമാരുടെയും എം.പിമാരുടയും സ്വച്ഛ്ഭാരത് പ്രകടനം. ആഘോഷത്തില്‍ ഏറെ പ്രചാരം നേടിയത് എങ്ങനെ ചൂലു പിടിക്കണമെന്നു പോലുമറിയാതെ മുറ്റമടിക്കാനിറങ്ങിയ ബോളിവുഡ് നടിയും എം.പിയുമായ ഹേമമാലിനിയുടെ ദൃശ്യങ്ങളായിരുന്നു.
ഒപ്പംനിന്ന ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറാകട്ടെ ആഞ്ഞ് മുറ്റമടിക്കുന്നതു കണ്ടതോടെ ഹേമമാലിനിയുടെ മുറ്റമടി വിഡിയോക്ക് താഴെ വിമര്‍ശകരുടെ ട്രോള്‍ മഴയായി.
സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി സ്പീക്കര്‍ ഓം ബിര്‍ലയാണ് പാര്‍ലമെന്റിന് പുറത്ത് ചപ്പും ചവറുമില്ലാത്ത പരിസരം തൂത്തു വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹഌദ് ജോഷി, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും മറ്റു ബി.ജെ.പി മന്ത്രിമാരുമാണ് സ്പീക്കറുടെ സ്വച്ഛ്ഭാരത് പരിപാടിയില്‍ പങ്കാളികളായത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
അനുരാഗ് സിംഗ് താക്കൂറും ഹേമമാലിനിയും മുറ്റമടിക്കുന്ന ചിത്രം ഹാസ്യ കമന്റുകള്‍ സഹിതം സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
അടുത്ത തവണ ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് മുമ്പ് കുറച്ച് നേരം ചൂലു പിടിച്ച് പരിശീലിക്കണമെന്നാണ് ഹേമമാലിനിക്ക് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ നല്‍കിയ ഉപദേശം. അതിനിടെ മുന്‍മന്ത്രിയും എം.പിയുമായ രാജീവ് പ്രതാപ് റൂഡി ക്ലീനിംഗ് മെഷീന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ആ പരിസരത്ത് ചപ്പോ ചവറോ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ വണ്ടിയുടെ മുന്നിലേക്ക് കരിയിലകളും കടലാസ് കഷണങ്ങളും തട്ടിയിടുന്നത് കാണാമായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നടി ഹേമമാലിനിയുടെ പല പ്രവൃത്തികളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അരിവാളുമായി പാടത്ത് ഇറങ്ങി കൊയ്യാന്‍ കൂട്ടുനില്‍ക്കുന്നത് മുതല്‍ മഥുരയില്‍ സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ഹേമമാലിനി നടത്തിയ പല പരിശ്രമങ്ങളും ട്രോളുകളായി മാറുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനൊടൊപ്പം ചൂല് ഉപയോഗിച്ച് പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. ഹേമമാലിനി ചൂല്‍ പിടിച്ച രീതിയും ചെയ്യുന്ന പ്രവൃത്തിയുമാണ് സോഷ്യല്‍മീഡയില്‍ പരിഹാസത്തിന് ഇടയാക്കിയത്. അനുരാഗ് താക്കൂര്‍ ജോലിയില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുമ്പോള്‍, പ്രതീകാത്മകമായി ചൂല്‍ പിടിച്ചിരിക്കുന്ന രീതിയിലാണ് ഹേമമാലിനിയെ ദൃശ്യങ്ങളില്‍ കാണുന്നത്.
ഈ ദൃശ്യങ്ങള്‍ക്ക് ചുവടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അനുരാഗ് താക്കൂര്‍ ഹേമമാലിനിയെക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ട് എന്നിങ്ങനെ തുടങ്ങി നിരവധി  കമന്റുകളുടെ പ്രവാഹമാണ്.  പാര്‍ലമെന്റ് ഇതിനോടകം തന്നെ വൃത്തിയായി കിടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞ് ഇവിടെയല്ല വൃത്തിയാക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടുന്ന കമന്റുകളുമുണ്ട്.

 

Latest News