കൊൽക്കത്ത- പശ്ചിമ ബംഗാളിൽ സി പി എമ്മിൽ നിന്നുൾപ്പെടെ 107 എം എൽ എ മാർ ബി ജെ പി യിലേക്ക് എത്തുമെന്ന അവകാവശവാദവുമായി ബി ജെ പി നേതാവ് മുകുൾ റോയി രംഗത്തെത്തി. സി പി എം, തൃണമൂൽ കോൺഗ്രസ്,കോൺഗ്രസ് പാർട്ടികളിൽ നിന്നുമായി ഇത്രയും എം എൽ എ മാർ ബി ജെ പി യിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും പാർട്ടിയുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കൈയ്യിൽ ഇവരുടെ ലിസ്‌റ്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ബി ജെ പി യിലേക്ക് നേരത്തെയും വിവിധ പാർട്ടികളിലെ എം എൽ എ മാർ കൂറ് മാറിയിരുന്നു.
ഇക്കഴിഞ മാസം സുനിൽ സിങ്, ബിശ്വജിത് ദാസ് എന്നീ എം എൽ എ മാർ കാവിയിലേക്ക് ചേക്കേറിയിരുന്നു. മുകുൾ റോയിയുടെ മകൻ സുബ്രൻഗ്‌ഷു റോയി അടക്കം അറുപതിലധികം വിവിധ കൗൺസിലർമാർ ചേക്കേറിയ ബി ജെ പി സംഘത്തിലേക്ക് കടന്ന് വന്ന എം എൽ എ മാരെ ബി ജെ പി പ്രശംസിക്കുകയും ചെയ്‌തിരുന്നു. അതേസമയം, കഴിഞ്ഞ മാസം ബി ജെ പിയിലേക്ക് ചേക്കേറിയ കഞ്ചപ്ര മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരിൽ അഞ്ചു പേർ വ്യാഴാഴ്ച്ചയും ബാക്കി ഒൻപത് പേർ ഇന്നും പാർട്ടിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.