ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ന്യൂസിലാന്റിനെതിരായ സെമി ഫൈനലിലെ ആദ്യ മുക്കാൽ മണിക്കൂറിലും മാത്രമാണ് ഇന്ത്യക്ക് ചുവട് പിഴച്ചത്.
രണ്ടാമത്തെ പിഴവിന് കനത്ത വില നൽകേണ്ടി വന്നുവെന്ന് മാത്രം.
ലോകകപ്പ് ഇല്ലാതെ മടങ്ങുന്നത് കനത്ത നിരാശയാണെങ്കിലും ടൂർണമെന്റിൽ ഇന്ത്യ കളിച്ചത് ഉന്നത നിലവാരമുള്ള ക്രിക്കറ്റ്. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ന്യൂസിലാന്റിനെതിരായ സെമി ഫൈനലിലെ ആദ്യ മുക്കാൽ മണിക്കൂറിലും മാത്രമാണ് ഇന്ത്യക്ക് ചുവട് പിഴച്ചത്. രണ്ടാമത്തെ പിഴവിന് കനത്ത വില നൽകേണ്ടി വന്നുവെന്ന് മാത്രം.
സെമി ഫൈനലിൽ രവീന്ദ്ര ജദേജയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റി. എല്ലാം നഷ്ടപ്പെട്ട ഘട്ടത്തിൽ നിന്ന് ഇന്ത്യയെ വിജയപ്രതീക്ഷയിലേക്ക് കൊണ്ടുവന്നത് ജദേജയുടെ കൊടുങ്കാറ്റ് ബാറ്റിംഗായിരുന്നു. ട്വിറ്ററിൽ ജദേജക്ക് പ്രശംസ ഒഴുകി.
അവസാന ശ്വാസം വരെ തന്റെ എല്ലാം ടീമിനായി സമർപ്പിക്കുമെന്ന് ആശംസകൾക്ക് നന്ദിയായി ജദേജ ട്വിറ്ററിൽ കുറിച്ചു. ജദേജയെ അല്ലറ ചില്ലറ കളിക്കാരനായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാനും ഇപ്പോൾ കമന്റേറ്ററുമായ സഞ്ജയ് മഞ്ച്‌രേക്കർ വിലയിരുത്തിയത് ഓൾറൗണ്ടറെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.
കരിയറിലെ പതിനൊന്നാം അർധ ശതകത്തിലെത്തിയ ശേഷം ബാറ്റ് ചുഴറ്റിയാണ് ജദേജ ആഘോഷിച്ചത്. ഒരു വിക്കറ്റുമെടുത്ത ജദേജ ഫീൽഡിൽ ഈറ്റപ്പുലിയെ പോലെ പൊരുതി. മഞ്ച്‌രേക്കറുടെ വിമർശനം ജദേജയെ ഉണർത്തിയെന്നും ചിലപ്പോൾ ഈഗോയെ സ്പർശിക്കുന്നത് ഗുണം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര അഭിപ്രായപ്പെട്ടു. പതിവുപോലെ മഞ്ച്‌രേക്കർ മാന്യമായി വിമർശനത്തോട് പ്രതികരിച്ചു. എല്ലാ മേഖലയിലും തന്റെ അഭിപ്രായത്തെ ജദേജ പിച്ചിച്ചീന്തിയെന്ന് മഞ്ച്‌രേക്കർ എഴുതി.
ഇന്ത്യൻ ആരാധകർ സംയമനത്തോടെ പരാജയത്തെ കാണണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി അഭ്യർഥിച്ചു. നിരാശയുണ്ടാവാം. തോൽവിയും കളിയുടെ ഭാഗമാണ്. അമിത പ്രതികരണം പാടില്ല. പുറത്തുനിന്ന് വിമർശിക്കാൻ എളുപ്പമാണ്. സമയമെടുത്ത് തോൽവി വിലയിരുത്തുമെന്നും പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ക്യാപ്റ്റൻ പറഞ്ഞു.
പത്തു വർഷമായി ജദേജയെ വീക്ഷിക്കുന്ന താൻ ഓൾറൗണ്ടറിൽ നിന്ന് കണ്ട മികച്ച പ്രകടനമായിരുന്നു സെമിയിലേതെന്ന് കോഹ്‌ലി പ്രശംസിച്ചു. ജദേജയെ അവസാന രണ്ടു മത്സരങ്ങളിലാണ് ഇന്ത്യ കളിപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് കളികളിൽ ഏഴും ഇന്ത്യ ജയിച്ചിരുന്നു. ന്യൂസിലാന്റിനെതിരായ ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ബാറ്റിംഗിൽ രോഹിത് ശർമയും ബൗളിംഗിൽ ജസ്പ്രീത് ബുംറയും ടൂർണമെന്റിലെ ഏറ്റവും പേടിപ്പെടുത്തുന്ന കളിക്കാരായി. ശിഖർ ധവാനെയും വിജയ്ശങ്കറിനെയും പരിക്കു കാരണം നഷ്ടപ്പെട്ടതും ഭുവനേശ്വർ കുമാറിന് ഏതാനും മത്സരങ്ങളിൽ വിട്ടുനിൽക്കേണ്ടി വന്നതുമൊന്നും ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല. ടൂർണമെന്റിലെ മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു. സെമിയിൽ ന്യൂസിലാന്റ് നന്നായി കളിച്ചുവെന്നു മാത്രം.
അതേസമയം ഇന്ത്യൻ ആരാധകർ മാത്രമല്ല ന്യൂസിലാന്റിലെ ക്രിക്കറ്റ് വിദഗ്ധർ പോലും ഇന്ത്യയുടെ വിജയമാണ് പ്രതീക്ഷിച്ചത്. മത്സരത്തിന്റെ പിറ്റേന്ന് ന്യൂസിലാന്റ് മീഡിയ 'വാക്ക് വിഴുങ്ങൽ' ദിനമായാണ് ആചരിച്ചത്. മിക്കവാറും മാധ്യമങ്ങൾ സ്വന്തം ടീം പരാജയപ്പെടുമെന്നാണ് വിലയിരുത്തിയത്. മുൻ ന്യൂസിലാന്റ് കളിക്കാരായ ഡാനിയേൽ വെറ്റോറി, ക്രയ്ഗ് കമിംഗ് എന്നിവരെല്ലാം ഇന്ത്യയുടെ വിജയമാണ് പ്രവചിച്ചത്. മാർടിൻ ഗപ്റ്റിലിനെ പുറത്താക്കാൻ കനത്ത മുറവിളി ഉയർന്നിരുന്നു. ഗപ്റ്റിൽ ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ഗപ്റ്റിലിന്റെ മിസൈൽ കൃത്യതയുള്ള ത്രോയാണ് ധോണിയെ റണ്ണൗട്ടാക്കിയതും കളി അവസാനമായി കിവീസിന്റെ വഴിയിലേക്ക് തിരിച്ചതും.