അങ്കാറ- അമേരിക്ക നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മിസൈലുകൾ തുർക്കിയിലെ അങ്കാറയിൽ എത്തിത്തുടങ്ങി. റഷ്യയുടെ പക്കൽ നിന്നും അത്യാധുനിക ശേഷിയുള്ള എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് തുർക്കി വാങ്ങുന്നത്. 250 കോടി ഡോളറിന്റെ പുതിയ ആയുധ ഇടപാടുമായി തുർക്കി മുന്നോട്ടു പോയപ്പോൾ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. എന്നാൽ, അമേരിക്കൻ ഭീഷണികളെ അവഗണിച്ചാണ് തുർക്കിയുടെ നടപടി. മിസൈലുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം അങ്കാറയിലെത്തി. തുടർ ദിവസങ്ങളിലും മിസൈൽ കൊണ്ട് വരുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ മാർഗമാണ് മിസൈൽ സംവിധാനങ്ങളുടെ ഘടകങ്ങൾ തുർക്കിയിലേക്ക് എത്തിക്കുന്നത്. രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്നും മൂന്നാം ഘട്ടത്തിൽ വിവിധ തരത്തിൽ പെട്ട 120 വിമാന വേധ മിസൈലുകളാണ് ഉണ്ടാകുകയെന്നും റഷ്യൻ മിലിട്ടറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പരിശീലനത്തിനായി തുർക്കിയിൽ നിന്നും പ്രത്യേക സംഘം റഷ്യയിലേക്ക് തിരിക്കുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നാറ്റോ സഖ്യകക്ഷികൂടിയായ തുർക്കി റഷ്യയിൽനിന്ന് ആയുധം വാങ്ങിയാൽ ഉപരോധം അടക്കമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്ക റഷ്യയുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ ജൂലൈ 31 വരെയാണ് തുർക്കിക്ക് സമയം അനുവദിച്ചിരുന്നത്. അമേരിക്കയുടെ ഈ ആവശ്യം അവഗണിച്ചാണ് ഇപ്പോൾ റഷ്യയിൽ നിന്നും തുർക്കി ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തുർക്കി നിലപാടിനെതിരെ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അമേരിക്കയുടെ ഭീഷണി. അമേരിക്കയുടെ എഫ്-35 വിമാനങ്ങളിൽ പരിശീലനം നേടുന്ന തുർക്കി പൈലറ്റുമാരെ പുറത്താക്കുമെന്നും എഫ്-35 വിമാനങ്ങൾ തുർക്കിക്കു നൽകില്ലെന്നും യുഎസ് പറഞ്ഞു. അത്യാധുനിക എഫ്-35ന്‍റെ സവിശേഷതകൾ ചോർത്താൻ റഷ്യക്ക് അവസരം നൽകുന്നതാണ് തുർക്കിയുടെ നടപടിയെന്നും യുഎസ് ആരോപിച്ചു. അതേസമയം യുഎസിന്റെ ഉപരോധം നേരിടേണ്ടിവരില്ലെന്നതിൽ തനിക്കുറപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കിയിരുന്നു. പുതിയ സംഭവത്തോടെ തുർക്കി അമേരിക്ക ബന്ധം വഷളായതായാണ് റിപ്പോർട്ടുകൾ.