ന്യൂദൽഹി- സംഘർഷത്തെ തുടർന്ന് നിരോധിച്ച ഇന്ത്യയിലേക്കുള്ള വ്യോമ പാത തുറക്കില്ലെന്ന് പാകിസ്ഥാൻ. ഇന്ത്യൻ എയർ ബേസിൽ ഇന്ത്യ തയ്യാറാക്കി നിർത്തിയ ഇന്ത്യൻ യുദ്ധ വിമാനങ്ങൾ പിൻവലിക്കാതെ തീരുമാനത്തിൽ നിന്നും പിന്മാറുകയില്ലെന്നു പാകിസ്ഥാൻ ഏവിയേഷൻ സിക്രട്ടറി ശഹ്‌റൂഖ് നുസ്രത് പാർലമെന്ററി കമ്മിറ്റിയെ അറിയിച്ചു. കാശ്‌മീരിലെ പുൽവാമ തീവ്രവാദ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്ക് മറുപടിയെന്നോണം ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് പാകിസ്ഥാൻ എയർ സ്‌പേസിലൂടെ ഇന്ത്യയിലേക്കുള്ള വ്യോമ യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഇന്ത്യൻ അധികൃതർ വ്യോമ പാത നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിനു മറുപടിയായി മേഖലയിൽ ഇന്ത്യൻ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങൾ പിൻവലിക്കാതെ തീരുമാനം മാറ്റുകയില്ലെന്നു അറിയിച്ചതായി പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കൂടിയായ നുസ്രത് പറഞ്ഞു. ബാലക്കോട്ട് മിന്നലാക്രമണത്തിനു ശേഷം ഇതാദ്യമായാണ് വ്യോമ പാത നിരോധനവുമായി ബന്ധപ്പെട്ടു പാകിസ്ഥാനിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത്. എന്നാൽ, ഇന്ത്യൻ വ്യോമ താവളത്തിൽ നിന്നും യുദ്ധ വിമാനങ്ങൾ പിൻവലിക്കുകയില്ലെന്നു ഇന്ത്യ പ്രതികരിച്ചതായും അതിനാൽ പാകിസ്ഥാൻ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിരോധനം നില നിൽക്കെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം പറക്കാൻ കഴിഞ്ഞ മാസം പാകിസ്ഥാൻ അനുവാദം നൽകിയിരുന്നു. എന്നാൽ, കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രിയുടെ വിമാനം പാക് വ്യോമ പാത ഒഴിവാക്കിയാണ് പറന്നത്. പാക് വ്യോമ പാത അടച്ചതോടെ ചില സെക്റ്ററുകളിലേക്ക് അധിക ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. പാകിസ്ഥാൻ വ്യോമ പാത ഇല്ലാത്തതിനാൽ ദീർഘ ദൂര റൂട്ടുകളിൽ എയർ ഇന്ത്യ 430 കോടി രൂപയാണ് അധികമായി ചിലവിടുന്നതെന്നു ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് വ്യാഴാഴ്ച്ച പാർലമെന്റിൽ അറിയിച്ചിരുന്നു.