Sorry, you need to enable JavaScript to visit this website.

സ്‌പോണ്‍സര്‍ക്കെതിരെ നിയമയുദ്ധം; അനുകൂല വിധിയോടെ ഇന്ത്യക്കാരന്‍ മടങ്ങുന്നു

മൂമിര്‍ മിയാ സിദ്ദീഖ് തുവ്വൂരിനൊപ്പം

റിയാദ്- റെന്റ് എ കാര്‍ എടുത്ത് വാടക നല്‍കാത്തതിനും ഒന്നര വര്‍ഷത്തോളം ശമ്പളം ലഭിക്കാത്തതിനും സ്‌പോണ്‍സര്‍ക്കെതിരെ നിയമ പോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച കൊല്‍ക്കത്ത സ്വദേശി അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും. മൂന്നു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ സ്വദേശി വനിതയുടെ വീട്ടിലെത്തിയ മൂമിര്‍ മിയയാണ് മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മുഖേന കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് നാട്ടിലേക്ക് പോകാനിരിക്കുന്നത്.
1,500 റിയാല്‍ ശമ്പളത്തിനാണ് ഡ്രൈവറായി മൂമിര്‍ റിയാദിലെത്തിയത്. പക്ഷെ ആദ്യമാസം തന്നെ 1,200 റിയാലാണ് ലഭിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ച ശമ്പളം വേണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ നിലവിലെ ശമ്പളവും ലഭിച്ചില്ല. മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷത്തെ കേസിനൊടുവില്‍ 19,800 റിയാല്‍ ശമ്പള കുടിശ്ശിക നല്‍കാനും ടിക്കറ്റെടുത്ത് നാട്ടില്‍ വിടാനും സ്‌പോണ്‍സറോട് ലേബര്‍ കോടതി ആവശ്യപ്പെട്ടു.
അതിനിടെയാണ് ഖാലിദിയ പോലീസ് സ്‌റ്റേഷനില്‍ തന്റെ പേരില്‍ കേസുണ്ടെന്ന് വിവരം ലഭിച്ചത്. റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് കാര്‍ വാടകക്ക് എടുത്ത ശേഷം 20 മാസമായി വാടക അടച്ചിട്ടില്ലെന്നായിരുന്നു പരാതി. എന്നാല്‍ താന്‍ കാര്‍ വാടകക്കെടുക്കാതിരിക്കെ എങ്ങനെയാണ് ഇത്തരമൊരു കേസുണ്ടായതെന്ന അന്വേഷണത്തില്‍ സ്‌പോണ്‍സര്‍ തന്റെ പേരില്‍ കാറെടുത്തിട്ടുണ്ടന്ന് വ്യക്തമായി. ഫൈനല്‍ എക്‌സിറ്റ് അടിക്കാനാണെന്ന് പറഞ്ഞ് മുമ്പൊരിക്കല്‍ സ്‌പോണ്‍സര്‍ വെള്ള പേപ്പറില്‍ ഒപ്പുവെപ്പിച്ചിരുന്നു. ഇതുപയോഗിച്ചാണ് മൂമിറിന്റെ പേരില്‍ അവനറിയാതെ കാര്‍ വാടകക്ക് എടുത്തതും തന്റെ സുഹൃത്തിന് കൈമാറുകയും ചെയ്തത്. ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ആയിരുന്നു ഈ കേസുകളില്‍ മൂമിറിനെ സഹായിച്ചത്. ജനറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ കോടതിയില്‍ ഹാജറായ സ്‌പോണ്‍സര്‍ വാടക മുഴുവന്‍ അടച്ചെന്ന് വാദിച്ചു. എന്നാല്‍ രേഖ ഹാജറാക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായിരുന്നില്ല. തുടര്‍ന്നുണ്ടായ സിറ്റിംഗില്‍ റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ പ്രതിനിധി കോടതിയിലെത്തി വാടക കുടിശ്ശിക 36,000 റിയാല്‍ തരാനുണ്ടെന്ന് അറിയിച്ചു. ഒടുവില്‍ 25,000 റിയാല്‍ രണ്ടു ഗഡുക്കളായി സ്ഥാപനത്തിന് കൊടുക്കാന്‍ കോടതിയില്‍ വെച്ച് ഒത്തുതീര്‍പ്പാക്കി. അങ്ങനെ റെന്റ് എ കാര്‍ കേസില്‍ നിന്നും മൂമിര്‍ ഒഴിവായി.
ശമ്പള കുടിശ്ശികയായ 19,800 റിയാലും എക്‌സിറ്റും ലഭിച്ചെങ്കിലും പാസ്‌പോര്‍ട്ട് ഇത് വരെ സ്‌പോണ്‍സര്‍ നല്‍കിയിട്ടില്ല. അതിനിടെ കോടതി വിധിയെതിരായതോടെ സ്‌പോണ്‍സര്‍ സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സിദ്ദീഖ്.

 

 

 

Latest News