Sorry, you need to enable JavaScript to visit this website.

ദളിത് യുവാവിനെ പള്ളിയില്‍വെച്ച് മര്‍ദിച്ചുവെന്ന് വ്യാജ പ്രചാരണം; മര്‍ദനമേറ്റത് മുസ്ലിം അധ്യാപകന്

ന്യൂദല്‍ഹി- ദളിതനെ പള്ളിയിലേക്ക് വലിച്ചിഴച്ച് മര്‍ദിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ. ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും പ്രമുഖരടക്കം  നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്ത വിഡിയോ ആണിത്. പള്ളിയില്‍ വെച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് വിഡിയോ. ഉത്തര്‍പ്രദേശില്‍ ഒരു ദളിത് യുവാവിനെ പള്ളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ച് മരണാസന്നനാക്കി എന്ന വാര്‍ത്തയോടൊപ്പമാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.
ബയോഡാറ്റയില്‍ രാംഭക്ത് എന്നു ചേര്‍ത്തിരിക്കുന്ന ശൈലേന്ദ്രപ്രതാപ് എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ മധു കിശ്വര്‍, വാര്‍ത്താ അവതാരകന്‍ രോഹിത് സര്‍ദാന എന്നിവരേയും എ.ബി.പി ന്യൂസ്, സീ ന്യൂസ് എന്നിവയേയും ടാഗ് ചെയ്തിരുന്നു. ദല്‍ഹി ആസ്ഥാനമായ പ്രതിരോധ വിദഗ്ധന്‍ അഭിജിത് അയ്യര്‍ മിത്രയും വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആയിരങ്ങളില്‍ ഉള്‍പ്പെടുന്നു. രണ്ടു വര്‍ഷമായി മുസ്ലിംകള്‍ ദളിതുകളെ മര്‍ദിക്കുന്നുവെന്നും എന്തുകൊണ്ട് ഇതിന് വാര്‍ത്താപ്രാധാന്യം ലഭിക്കുന്നില്ലെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.
എന്നാല്‍ ഈ വിഡിയോ ഉത്തര്‍ പ്രദേശിലെ ഹര്‍പുരില്‍ മേയ് 29 ഷൂട്ട് ചെയ്തതാണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് ദളിതനല്ലെന്നും സമീര്‍ എന്നു ഉര്‍ദു അധ്യാപകനാണെന്നും വിഡിയോക്കു പിന്നിലെ വസ്തുത അന്വേഷിച്ച എസ്.എം ഹോക്‌സ് ലേയര്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്തെ പള്ളയില്‍ നമസ്‌കരിക്കാന്‍ പോയപ്പോഴാണ് ഒരു സംഘമാളുകള്‍ സമീറിനെ മര്‍ദിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് സമീറിനെ പിടികൂടി മര്‍ദിച്ചതെന്ന് സഹോദരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സമീറിനെ ഒരു മണിക്കൂറോളം പള്ളിയിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതിയിലുള്ളതെന്ന് ഹര്‍പുര്‍ പോലീസ് സൂപ്രണ്ട് യശ് വീര്‍ സിംഗ് പറഞ്ഞു.

 

Latest News