Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് കേന്ദ്രത്തിന് അഭിമാനമായ ഷഫീഖിന് അഭിനന്ദന പ്രവാഹം

ദുബായ്- മലയാളി യുവാവിന്റെ തക്ക സമയത്തെ ഇടപെടല്‍ മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചുവെന്ന വാര്‍ത്ത പരന്നതോടെ കാസര്‍കോട് പടന്ന സ്വദേശി ഷഫീഖ് കോളേത്തിന് അഭിനന്ദന പ്രവാഹം. വാര്‍ത്ത പ്രസിദ്ധീകരിച്ച ഗള്‍ഫ് ന്യൂസിന്റെ പത്ര കട്ടിംഗ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഐ.എസില്‍ ചേരാന്‍ യുവാക്കള്‍ നാടുവിട്ടുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട സ്ഥലമാണ് ധാരാളം പ്രവാസികളുള്ള കാസര്‍കോട് ജില്ലയിലെ പടന്ന.
ദുബായ് ആംബുലന്‍സ് സേവന കോര്‍പറേഷ (ഡി.സി.എ.എസ്) നിലെ മെഡിക്കല്‍ ഡിസ്പാച്ചറാണ് ഷഫീഖ്.  
മുംബൈ സ്വദേശി മാര്‍ക്ക് അറഞ്ഞോക്കാണ് ഷഫീഖിന്റെ സമയോചിത ഇടപെടല്‍ സഹായകമായത്. മാര്‍ക്കിന്റെ ജീവന്‍ രക്ഷിച്ചത് ഷഫീഖാണെന്ന്  സഹോദരി ഗെയില്‍ ഡിസൂസ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവ് നാടിനും ദുബായ് ആംബുലന്‍സ് കോര്‍പറേഷനും അഭിമാനമായത്. ദിവസേന നിരവധി പേര്‍ക്ക് ആംബുലന്‍സ് കോര്‍പറേഷന്റെ സേവനം ലഭ്യമാവുന്നുണ്ടെങ്കിലും  സഹായം ലഭിച്ചവര്‍ സുഖം പ്രാപിച്ച ശേഷം തിരിച്ചു വിളിച്ചു നന്ദി പറഞ്ഞതോടെയാണ് സംഭവം വാര്‍ത്തയായത്.

http://malayalamnewsdaily.com/sites/default/files/filefield_paths/p3_cutting.jpg
ഹോട്ടല്‍ ശൃംഖലയില്‍ ഉദ്യോഗസ്ഥനായ മാര്‍ക്ക് സഹോദരി ഗെയില്‍ ഡിസൂസയുടെ വീട്ടില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കേയാണ് കുഴഞ്ഞു വീണത്. ബന്ധുക്കള്‍ ഉടന്‍ ആംബുലന്‍സ് സഹായത്തിനായി 999 നമ്പറില്‍ ബന്ധപ്പെട്ടു. നോമ്പുതുറ സമയമായതിനാല്‍ സഹായം ലഭിക്കാനും ആംബുലന്‍സ് എത്താനും താമസം നേരിടുമെന്ന് ആശങ്കയുണ്ടായിരുന്നു.
ദുബായ് പോലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഡി.സി.എ.എസ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന ഷഫീഖാണ് ഫോണ്‍ അറ്റന്റ് ചെയ്തത്.  വിളിച്ചയാളെ ആശ്വസിപ്പിച്ച ഷഫീഖ് പ്രഥമ ശുശ്രൂഷ നല്‍കാന്‍ ബന്ധുക്കള്‍ക്ക്  ആവശ്യമായ നിര്‍ദേശം നല്‍കി.  ശ്വാസം നിലച്ച നിലയിലാണെന്നു പറഞ്ഞ് ബന്ധുക്കള്‍ പരിഭ്രാന്തി പ്രകടിപ്പിച്ചപ്പോള്‍  സി.പി.ആര്‍ നല്‍കാന്‍ പ്രേരിപ്പിച്ചു. അതേസമയം തന്നെ മറ്റൊരു ഫോണിലൂടെ ആംബുലന്‍സിലേക്കും നിര്‍ദേശങ്ങള്‍ നല്‍കി.
ബന്ധുക്കള്‍ സി.പി.ആര്‍ ചെയ്തുകൊണ്ടിരിക്കേ അഞ്ചു മിനിറ്റിനകം വിദഗ്ധ ഡോക്ടര്‍ ഉള്‍പ്പെട്ട രണ്ട് ആംബുലന്‍സുകളാണ് വീട്ടിലെത്തിയത്. ഉടന്‍ തന്നെ ഖലീഫ മെഡിസിറ്റിയിലെത്തിച്ച മാര്‍ക്കിന് പിന്നീട് ശസ്ത്രക്രിയ നടത്തി.
സുഖം പ്രാപിച്ചയുടന്‍ മാര്‍ക്ക് അറഞ്ഞോ ചെയ്തത് ആംബുലന്‍സ് കോര്‍പറേഷനും ഷഫീഖിനും നന്ദി അറിയിക്കുകയായിരുന്നു.
ആശുപത്രി വിട്ടാലുടന്‍ ഷഫീഖിനെയും ആംബുലന്‍സ് സേവകരെയും സന്ദര്‍ശിക്കാനിരിക്കയാണ് അദ്ദേഹം.  മംഗലാപുരത്തു നിന്ന് ബി.എസ്‌സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ഷഫീഖ് അഞ്ചു വര്‍ഷമായി ഡി.സി.എ.എസില്‍ ജോലി ചെയ്തു വരുന്നു. സി.പി.ആര്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കിയതാണ് സഹോദരന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഗെയില്‍ ഡിസൂസ പറഞ്ഞു.

Latest News