കാബൂൾ- അഫ്‌ഗാനിസ്ഥാനിൽ വിവാഹ ചടങ്ങുകൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പതിമൂന്നുകാരനായ ചാവേർ ആണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ശക്തയായ താലിബാൻ, ഐ എസ് സാന്നിധ്യമുള്ള കിഴക്കൻ അഫ്‌ഗാനിസ്ഥാനിലാണ് ചാവേർ ആക്രമണം നടന്നത്. ഇവിടെയുള്ള നങ്കർഹർ പ്രവിശ്യയിലാണ് ഐ എസ് ഗ്രൂപിന്റെ ആസ്ഥാനവും സ്ഥിതിചെയ്യുന്നത്. വെള്ളിയാഴ്ച്ച രാവിലെ കല്യാണ ചടങ്ങുകൾ നടക്കുന്നതിടെയാണ് ചാവേർ പൊട്ടിത്തെറിച്ചതെന്നു പോലീസ് ഓഫീസർ ഫായിസ് മുഹമ്മദ് വാർത്താ മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമണത്തിൽ ചടങ്ങുകൾ നടത്തിയിരുന്ന സൈനിക കമാണ്ടർ മാലിക് തൂർ എന്നയാളും കൊല്ലപ്പെട്ടതായും ഇദ്ദേഹമായിരുന്നു ചാവേറിന്റെ ലക്ഷ്യമെന്നും പോലീസ് സേന അറിയിച്ചു.