ഓസ്ട്രാവ - തന്റെ അവസാന സീസണിലെ യൂറോപ്യൻ സീസൺ ഉസൈൻ ബോൾട് ജയത്തോടെ ആരംഭിച്ചു. താൻ ഏറ്റവുമധികം തവണ മത്സരിച്ച ചെക് റിപ്പബ്ലിക്കിലെ ഓസ്ട്രാവ ഗോൾഡൻ സ്‌പൈക് മീറ്റിൽ പുറം വേദനയുമായി മത്സരിച്ച് ബോൾട് 100 മീറ്റർ ജയിച്ചു. പതിവു പോലെ വേഗം കുറഞ്ഞ തുടക്കത്തിനു ശേഷം 10.06 സെക്കന്റ് എന്ന അഭിമാനകരമല്ലാത്ത വേഗത്തിലാണ് ബോൾട് ഓടിയെത്തിയത്. ക്യൂബയുടെ യൂനിയർ പെരസിന്റെ ശക്തമായ വെല്ലുവിളി ബോൾടിന് അതിജീവിക്കേണ്ടി വന്നു. സെക്കന്റിന്റെ മുന്നൂറിലൊരംശം വ്യത്യാസത്തിനാണ് പെരസ് രണ്ടാം സ്ഥാനത്തായത്. തുർക്കിയുടെ ജാക് അലി ഹാർവി മൂന്നാം സ്ഥാനം നേടി.
തൃപ്തികരമായിരുന്നില്ല ഓട്ടമെന്ന് ബോൾട് പറഞ്ഞു. പുറം വേദന കാരണമാണ് വേഗം കുറക്കേണ്ടി വന്നത്. ജർമനിയിൽ ഒരു ഡോക്ടറെ കാണുന്നുണ്ടെന്നും ബോൾട് വെളിപ്പെടുത്തി. ഓഗസ്റ്റിൽ ലണ്ടനിലെ ലോക ചാമ്പ്യൻഷിപ്പോടെ ബോൾട് വിടവാങ്ങുകയാണ്. ആരാധകർ ബോൾടിന് വൈകാരികമായ വിടവാങ്ങലാണ് നൽകിയത്. നിറങ്ങളുള്ള കാർഡുകൾ ഉപയോഗിച്ച് അവർ ഗാലറിയിൽ കൂറ്റൻ ജമൈക്കൻ പതാകയും താഴെ നന്ദി യു.ബി എന്ന സന്ദേശവും സൃഷ്ടിച്ചു. ഗാലറി ജമൈക്കൻ ദേശീയ ഗാനം ആലപിച്ചപ്പോൾ ബോൾട് കൂടെ പാടി. അത് വലിയ ആശ്ചര്യമായെന്ന് ജമൈക്കക്കാരൻ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതല്ല. ഇവിടത്തെ കാണികൾ എന്നെ സ്‌നേഹം കൊ ണ്ട് മൂടുന്നു -ബോൾട് പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പിനു മുമ്പ് ഒരു മത്സരം കൂടിയേയുള്ളൂ ബോൾടിന്, ജൂലൈ 21 ന് മോണകോ ഡയമണ്ട് ലീഗിൽ. ബോൾടിന്റെ ട്രെയിനിംഗ് പാർട്ണറായ വെയ്ഡ് വാൻ നീക്കർക്ക് അധികം സംഘടിപ്പിക്കാറില്ലാത്ത 300 മീറ്ററിൽ ലോക റെക്കോർഡ് ഭേദിച്ചു. 400 മീറ്ററിൽ ഒളിംപിക് ചാമ്പ്യനും ലോക റെക്കോർഡ് ജേതാവുമാണ് നീക്കർക്ക്. നീക്കർക്കായിരിക്കും തനിക്കു ശേഷം ട്രാക്ക് ആന്റ് ഫീൽഡിനെ കൈയിലെടുക്കാൻ പോവുന്നതെന്ന് ബോൾട് പ്രവചിച്ചു. മൈക്കിൾ ജോൺസന്റെ പേരിലുള്ള 400 മീറ്റർ റെക്കോർഡ് ഒളിംപിക്‌സിൽ തകർത്തിരുന്നു ദക്ഷിണാഫ്രിക്കക്കാരൻ. 300 മീറ്ററിലും തകർത്തത് ജോൺസന്റെ റെക്കോർഡ് തന്നെ.
ബോൾടിനെ പോലെ വിടവാങ്ങാനൊരുങ്ങുന്ന മുഹമ്മദ് ഫറ 10,000 മീറ്ററിൽ ഒന്നാമതെത്തി. 200 മീറ്റർ മാത്രം ശേഷിക്കേയാണ് ഫറ കെനിയയുടെ മാത്യു കിമേലിയെ മറികടന്നത്. ഒളിംപിക് ചാമ്പ്യൻ തോമസ് റോളർ ജാവലിൻ ത്രോയിൽ 91.53 മീറ്റർ എറിഞ്ഞു. കഴിഞ്ഞ മാസം ദോഹയിൽ റോളർ 93.90 മീറ്റർ എറിഞ്ഞിരുന്നു. 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഏറായിരുന്നു അത്.