ഗുവാഹത്തി- ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നതോടെ ജന ജീവിതം ദുസ്സഹമായി. അസാമിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്തെ 17 ജില്ലകളിലായി 4.23 ലക്ഷം ജനങ്ങളെ ബാധിച്ചു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നാല് ജില്ലകൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. ബ്രഹ്‌മപുത്രയുൾപ്പടെ അഞ്ചു നദികൾ അപകട നിരയും കവിഞ്ഞാണ് ഒഴുകുന്നത്. സംസ്ഥാനത്തിലുടനീളം ഏകദേശം 749 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. പതിനേഴായിരം ഹെക്റ്റർ കൃഷിയിടങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ഇതിനകം അപകടത്തിൽ പെട്ട 1800പേരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 53 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹകരണത്തോടെയാണ് രക്ഷാ പ്രവർത്തനം തുടരുന്നത്. ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിഗതികൾ വിലയിരുത്തി. വിവിധ ജില്ലാ ഭരണ കേന്ദ്രങ്ങളുമായി മുഖ്യമന്ത്രി തുടരെത്തുടരെ ആശയ വിനിമയം നടത്തി വരികയാണ്. വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനായി പ്രത്യേക നിർദേശം നൽകി. ജപ്പാൻ ജ്വരം, മലേറിയ തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ അതിനെതിരെ ശക്തമായ മെഡിക്കൽ സേവനം ലഭ്യമാക്കാനും മുഖ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, അരുണാചൽ പ്രദേശിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ടു വിദ്യാർത്ഥികൾ ശക്തമായ മണ്ണിടിച്ചിലിൽ പെട്ട് മരണപ്പെട്ടു. ഇന്തോ-ചൈന അതിർത്തിയിലെ തവാങിലാണ് സംഭവം. മേഖലയിൽ ഇതിനകം കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം അര ഡസനിലധികമായിട്ടുണ്ട്. ഈയാഴ്ച്ച അവസാനം വരെ ഇരു സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നു സർക്കാരുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.