ബംഗളൂരു/ന്യൂദല്‍ഹി- കര്‍ണാടകയില്‍ രാജി സമര്‍പ്പിച്ച എം.എല്‍.എമാരുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് കാണിച്ച് മുംബൈയിലുള്ള 10 എംഎല്‍എമാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എം.എല്‍.എമാരോട് ഇന്ന് വൈകിട്ട് ആറിന് സ്പീക്കറെ കാണാന്‍ കോടതി ആവശ്യപ്പെട്ടു.
അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായ ചര്‍ച്ച നടത്തി. ഈ മാസം 15 വരെ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്ന് ടറിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുമാരസ്വാമി ഇന്ന് രാജി വെക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. മുഖ്യമന്ത്രി മാത്രമാണ് ഇനി രാജി നല്‍കാനുള്ളത്. രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ 225 അംഗ സഭയില്‍ കോണ്‍ഗ്രസ് -ദള്‍ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറഞ്ഞിട്ടുണ്ട്. 107 എം.എല്‍.എമാരണ് ഇപ്പോള്‍ ബിജെപി പക്ഷത്തുള്ളത്.